പാറശാല: പാറശാലയിലെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെങ്കിലും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ പാറശാലക്കാരെ വീർപ്പ്മുട്ടിക്കുന്നു. കോളിഫോം ബാക്ടീരിയ കാരണം ശുദ്ധജലത്തിൽ നിന്നുപോലും മസ്തിഷ്കജ്വരം പിടിപെടാമെന്നിരിക്കെ ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെള്ളം കൂട്ടിച്ചേർത്താണ് കുടിവെള്ളമായി പൈപ്പ് ലൈനുകളിലൂടെ നാട്ടുകാർക്കായി എത്തിക്കുന്നത്. ശുദ്ധജല വിതരണത്തിനായി വണ്ടിച്ചിറയിൽ കോടികൾ ചെലവിട്ട് ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ വിതരണത്തിനായുള്ള വെള്ളം തികയാതെ വരുന്നതിനാൽ ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെള്ളം കൂട്ടിച്ചേർത്ത് വിതരണം ചെയ്യുന്നതിന് കാരണമായി അധികൃതർ പറയുന്നത്.
അടിക്കടിയുള്ള പൈപ്പ് പൊട്ടൽ
കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാനായി കോടികൾ ചെലവിട്ട് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ളതും കാലഹരണപ്പെട്ടതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതിനാലും വേണ്ടത്ര ശുദ്ധജല സംഭരണികൾ ഇല്ലാത്തതിനാലും അടിക്കടി പൈപ്പുകൾ പൊട്ടുമ്പോൾ കുടിവെള്ളക്ഷാമം ഉണ്ടാകുന്നത് പതിവാകുന്നു.
റോഡുകൾ തോടാകും
പാറശാലയിലെ നിരത്തുകളിൽ മലിനജലവും മഴവെള്ളവും ഉൾപ്പെടെ ഒഴുക്കിവിടുന്നതിനായി ഓടകൾ റോഡിനിരുവശത്തുമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴപെയ്താൽ റോഡുകൾ തോടായി മാറുന്നു.ഓടകൾ ചപ്പും ചവറുകളും നിറഞ്ഞ് അടഞ്ഞനിലയിലായതിനാലാണ് മഴവെള്ളം റോഡിലൂടെ ഒഴുകുന്നതിനും നാട്ടുകാർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയത്. പല സ്ഥലങ്ങളിലും ശൗചാലയങ്ങളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ഓടകളിലേക്കാണ് ഒഴുക്കിവിടുന്നത്. മഴക്കാലമെത്തുന്നതോടെ മലിനജലം ഉൾപ്പെടെയുള്ള ഓടകളിലെ വെള്ളം റോഡിലേക്കെത്തുന്നു.ഈ റോഡിലൂടെ വേണം പിന്നെ നാട്ടുകാർക്ക് നടക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |