തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര ഇന്ന് നടക്കും.സ്വർണ ഗരുഡ വാഹനത്തിലാണ് ആറാട്ടിന് ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റ് നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ചേർന്നുള്ള ആറാട്ടാണ് ശംഖുംമുഖത്ത് നടക്കുന്നത്. അൽപ്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ നടന്നു. രാത്രി 8ന് പടിഞ്ഞാറെനട വഴിയാണ് വേട്ടപ്പുറപ്പാട് നടന്നത്.ഇന്ന് വൈകിട്ട് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.നാളെ രാവിലെ ആറാട്ട് കലശം നടക്കും. ഇന്നലെ രാത്രി നടന്ന പള്ളിവേട്ടയിൽ
ശ്രീപദ്മനാഭസ്വാമിയെ സ്വർണ ഗരുഡവാഹനത്തിലും വടക്കേടം നരസിംഹസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിച്ചു. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഉടവാളേന്തി അകമ്പടിയായി. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടന്ന പള്ളിവേട്ടയിൽ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീ ഭായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,കരമന ജയൻ,എ.വേലപ്പൻനായർ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ എൻ.കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്തായിരുന്നു വേട്ട. തുടർന്ന് വാദ്യഘോഷങ്ങളോടെ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇന്ന് രാവിലെ പശുവും കിടാവും എത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തിയ ശേഷം അഭിഷേകവും മറ്റ് പൂജകളും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |