തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ സഹായിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി ഓട്ടോയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതി ഷമീറിന് (ബോംബെ ഷമീർ- 37) പതിനെട്ട് വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. പ്രത്യേക പോക്സോ അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ഉത്തരവിട്ടത്. പിഴത്തുക കുട്ടിക്ക് നൽകണം. സർക്കാർ അർഹമായ നഷ്ടപരിഹാരവും നൽകണം. 2023 ഫെബ്രുവരി 24ന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ സഹോദരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. പുറത്തുനിന്ന് മരുന്നും ഭക്ഷണവും വാങ്ങാനാണ് കുട്ടി ആശുപത്രിക്ക് പുറത്തിറങ്ങിയത്. സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ പ്രതി കുട്ടിയുടെ മൊബൈൽ നമ്പർ ചോദിച്ചു. വിസമ്മതിച്ച കുട്ടിയുടെ കൈയിൽ കടന്നുപിടിച്ച പ്രതി ഫോൺ പിടിച്ചുവാങ്ങി പ്രതിയുടെ നമ്പറിലേക്ക് വിളിച്ചു. കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസിൽ പരാതിപ്പെട്ടു. ഈ സമയം പ്രതി കുട്ടിയെ വിളിച്ച് ആശുപത്രിക്ക് പുറത്തുവരാൻ ആവശ്യപ്പെടുകയും ഓട്ടോയ്ക്കുള്ളിൽ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി അതുവഴി ബൈക്കിലെത്തിയ രണ്ടുപേർ കേട്ടു. അവരെത്തിയപ്പോൾ പ്രതി കുട്ടിയുമായി ഓട്ടോയിൽ കടന്നുകളഞ്ഞു. ബൈക്കിലെത്തിയവർ ഓട്ടോയെ പിന്തുടരുകയും വഞ്ചിയൂർ സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. ബൈക്ക് പിന്തുടരുന്നത് കണ്ട പ്രതി കുട്ടിയെ തമ്പാനൂർ ഇറക്കിവിട്ട ശേഷം ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |