തിരുവനന്തപുരം: ട്രെയിനിൽ ഒരു പെൺകുട്ടി അക്രമത്തിന് വിധേയയായെന്ന ഇൻസ്റ്റഗ്രാമിലെ വാർത്ത കണ്ടപ്പോൾ അത് തന്റെ മകളാണെന്ന് അമ്മ പ്രിയദർശിനി അറിഞ്ഞിരുന്നില്ല. അല്പനേരത്തിനു ശേഷം ഇളയ മകൻ ശ്രീഹരി ബംഗളൂരുവിൽ നിന്ന് വിളിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത് മകൾ സോനയാണെന്ന് (ശ്രീക്കുട്ടി) അറിഞ്ഞത്.
ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ലാത്ത കുടുംബമാണ് പ്രിയദർശിനിയുടേത്.പാലോടിനടുത്തെ പച്ചയിൽ ചെറിയൊരു വാടക വീട്ടിലാണ് പ്രിയദർശിനിയും അമ്മയും താമസിക്കുന്നത്. സോനയ്‌ക്ക് മൂന്ന് വയസുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നീട് രണ്ടുമക്കളെയും കഷ്ടപ്പെട്ടാണ് പ്രിയദർശിനി വളർത്തിയത്.
റിസോർട്ട് ജീവനക്കാരനായ ആലുവ സ്വദേശി അപ്പുവിനെ കണ്ടിഷ്ടപ്പെട്ടാണ് സോന വിവാഹം ചെയ്തത്. തുടർന്ന് ആലുവയിലാണ് താമസം. നീന്തൽ പരിശീലിച്ചിട്ടുള്ള പ്രിയദർശിനിയും ഇളയ മകൻ ശ്രീഹരിയും ബംഗളൂരുവിൽ സ്വകാര്യ സ്‌കൂളുകളിൽ പരിശീലകരാണ്. കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ പ്രിയദർശിനിയെ കാണാൻ സോന എത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം പാലോട്ടെ മുത്തശ്ശിയുടെ വീട്ടിലും എത്തി.
വെള്ളിയാഴ്ച ആലുവയിലേക്ക് മടങ്ങി. ഒരു സാധനം എടുക്കാൻ പോകുന്നു എന്നാണ് മുത്തശ്ശിയോട് പറഞ്ഞത്. ആലുവയിൽ പോയി മടങ്ങി വരവേയാണ് ഞായറാഴ്ച രാത്രി ട്രെയിനിൽ വച്ച് അക്രമിയുടെ ക്രൂരതയ്‌ക്ക് ഇരയായത്.
സോനയുടെ ഭർത്താവ് അപ്പു മഞ്ഞപ്പിത്തം ബാധിച്ച് ആയുർവേദ ആശുപത്രിയിലാണ്. അതിനാൽ സോനയെ കാണാൻ എത്താനായില്ല. നിർദ്ധന കുടുംബമാണ് ഇവരുടേതെന്നും പഞ്ചായത്തിന്റെ 'മണ്ണും വീടും' പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |