വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ കന്നുകാലിവനം മേഖലയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇവിടെ അടിക്കടി കുടിവെള്ളവിതരണം തടസപ്പെടുന്നത് പതിവാണ്. പൈപ്പ് കണക്ഷൻ മാത്രമുള്ളവരാണ് കുടിനീരിനായി ബുദ്ധിമുട്ടുന്നത്. പ്രദേശത്ത് കുടിവെള്ളവിതരണത്തിനായി വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിൽ നിറയെ ജലമുണ്ടെങ്കിലും സമീപത്തെ പൈപ്പുകളിൽ ജലമെത്തുന്നത് വിരളമാണ്. കഴിഞ്ഞ മാസം ദിവസങ്ങളോളം കുടിവെള്ളവിതരണം നിലച്ചിരുന്നു. ജലജീവൻമിഷന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളിലാണ് ജലമെത്താത്തത്.
തോട്ടുമുക്ക്, പൊൻപാറ,പുളിമൂട് ആനപ്പെട്ടി മേഖലയിൽ എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ വാൽവ് അടച്ചിടും. പൈപ്പ് ലൈൻ നന്നാക്കുന്നതുവരെ കുടിവെള്ളം മുട്ടും. കഴിഞ്ഞദിവസം പൊൻപാറയിൽ പൈപ്പ് പൊട്ടിയതോടെയാണ് കന്നുകാലിവനം മേഖലയിൽ ജലവിതരണം തടസപ്പെട്ടത്.
പൈപ്പ് പൊട്ടി
ശുദ്ധജലം പഴാകുന്നു
വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പഴായി ഒഴുകുന്നത് പതിവാണ്. പൈപ്പ് ലൈനുകളുടെ കാലപ്പഴക്കമാണ് പ്രശ്നം. അടിക്കടി പൈപ്പ് പൊട്ടി ശുദ്ധജലവിതരണം തടസപ്പെട്ടിട്ടും നടപടികളില്ല.
തൊളിക്കോട് -വിതുര കുടിവെള്ള
പദ്ധതി അനിശ്ചിതത്വത്തിൽ
വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായി പത്ത് വർഷം മുൻപ് ആവിഷ്ക്കരിച്ച തൊളിക്കോട് -വിതുര കുടിവെള്ളവിതരണ പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. കുടിവെള്ളം ലഭിച്ചില്ലെങ്കിലും മുടങ്ങാതെ വാട്ടർബിൽ ലഭിക്കാറുണ്ട്. ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർകണക്ഷൻ നൽകുവാൻ വെട്ടിപ്പൊളിച്ച കന്നുകാലിവനം മേഖലയിലെ റോഡും തകർന്നുകിടക്കുകയാണ്. കന്നുകാലിവനം മേഖലയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |