ചത്ത നായയുടെ കടിയേറ്റ നായ്ക്കൾ ക്വാറന്റൈനിൽ
മ്യൂസിയം വളപ്പ് തെരുവുനായമുക്തമാക്കും
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തിയ അഞ്ചുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പരിക്കേറ്റവർ നിരീക്ഷണത്തിലായി. ഇവരുടെ വീടുകളുടെ പരിസരത്തുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. പരിക്കേറ്റവർ ജനറൽ ആശുപത്രിയിലെത്തി കുത്തിവെയ്പ്പെടുത്തിരുന്നു. തൈക്കാട് സ്വദേശി ശ്യാം, മ്യൂസിയം സ്വദേശി ശരത് ബാബു, കുര്യാത്തി സ്വദേശി തമ്പി, ആനാട് സ്വദേശി ഉദയലാൽ,വെള്ളനാട് സ്വദേശി അയ്യപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവർക്കും മുറിവുണ്ട്. അതിനാൽ ഐ.ഡി.ആർ.വിയും ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പും നൽകി.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മ്യൂസിയം വളപ്പിലെ ഫുഡ് കോർട്ടിന് സമീപം നടക്കുകയായിരുന്ന ആളുകളെയാണ് തെരുവുനായ കടിച്ചത്. പിന്നാലെ മൃഗശാലയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ അടിയന്തര സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. പിന്നീട് ചത്ത നിലയിൽ മ്യൂസിയം പരിസരത്തുനിന്നാണ് നായയെ കണ്ടെത്തിയത്. തുടർന്ന് നായയെ പാലോട് വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി പേവിഷബാധ സ്ഥിരീകരിച്ചു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള നായ്ക്കളെയും കടിച്ചതായി സന്ദർശകർ പറഞ്ഞിരുന്നു. പരിക്കേറ്റ നായ്ക്കളെ പിടികൂടി കോർപറേഷൻ എ.ബി.സി സംഘം 21ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റി. മ്യൂസിയം വളപ്പിൽ നായകൾ പാടില്ലെന്നിരിക്കയാണ് തെരുവുനായ്ക്കൾ ഇവിടം കൈയേറിയിരിക്കുന്നത്. ഇന്നലെ മൃഗശാല ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം സ്ഥിതി വിലയിരുത്തി. ബയോസെക്യൂരിറ്റി മേഖലയായ മ്യൂസിയം കോമ്പൗണ്ടിൽ തെരുവുനായ ശല്യം പൂർണമായും ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ തെരുവുനായ്ക്കൾ കടന്നുകയറിയതോടെ പകർച്ചവ്യാധി മൃഗങ്ങൾക്ക് പടർന്നിരുന്നു.
നായയെ ഓടിച്ചു, കൈയൊടിഞ്ഞു!
രണ്ട് ദിവസം മുമ്പ് വൈകിട്ട് മ്യൂസിയം വളപ്പിലെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ കുട്ടിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച അമ്മ ഫുഡ് കോർട്ടിന് സമീപം കൈകുത്തി നിലത്തുവീണു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേരളത്തിന് നാണക്കേടായ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരുവുനായ്ക്കളെ തുരത്താൻ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കിൽ അഞ്ചുപേർക്ക് പരിക്കേൽക്കുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്ന് മ്യൂസിയം ജീവനക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |