
കൊച്ചി: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഇരട്ടക്കാലിയിൽ മദ്ധ്യവയസ്കനെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചുകുടി രാജനാണ് (58) മരിച്ചത്. സംഭവത്തിൽ രാജന്റെ സഹോദരിയുടെ ഭർത്താവ് തൊഴുത്തുങ്കൽ സുകുമാരനെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക.
ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയവരാണ് ജനലിലൂടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ചനിലയിൽ രാജന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. പ്രാഥമിക നിരീക്ഷണത്തിൽ തന്നെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. വയറിനാണ് കുത്തേറ്റത്. രാത്രിയിൽ ജനലിലൂടെ കൈയിട്ട് രാജനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
പൊലീസും നാട്ടുകാരും എത്തിയപ്പോൾ സുകുമാരനും അവിടെ എത്തിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സുകുമാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരശേഖരണത്തിനിടെ അളിയനെ കൊന്നത് താനാണെന്ന് സുകുമാരൻ വെളിപ്പെടുത്തിയെന്നാണ് വിവരം. സുകുമാരന്റെയും കൊല്ലപ്പെട്ട രാജന്റെയും വീടുകൾ തമ്മിൽ ചെറിയദൂരം മാത്രമാണുള്ളത്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ശനിയാഴ്ച പകൽ രാജനും സുകുമാരനും തമ്മിൽ അടിപിടി ഉണ്ടായതായി സൂചനയുണ്ട്. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതും പതിവായിരുന്നു. രാജന്റെ ഭാര്യ മല്ലിക അകന്നുകഴിയുകയാണ്. അവിവാഹിതയായ സഹോദരി രാജനോപ്പമാണ് താമസിക്കുന്നത്. സഹോദരി ശനിയാഴ്ച പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുകുമാരന്റെ ഭാര്യയ്ക്കൊപ്പം ആയിരുന്നു. രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |