
ചിറയിൻകീഴ്: ഒറ്റപ്ലാമുക്ക്-വലിയഏല-തോട്ടവാരം റോഡ് വഴി സഞ്ചരിച്ചാൽ നടുവൊടിഞ്ഞത് തന്നെ. റോഡിലെ ടാറുകൾ ഇളകി കുണ്ടും കുഴിയുമായി കാൽ നടയാത്ര പോലും ദുഃസഹമാണ്. ദിനംപ്രതി നൂറുക്കണക്കിന് പേർ ആശ്രയിക്കുന്ന റോഡാണിത്. നിരവധി പരാതികളും നിവേദനങ്ങളും ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴപെയ്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതിനാൽ റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാകും. മഴക്കാലത്ത് ഇവിടത്തെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണത്തിനും കുറവില്ല. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബൈക്ക് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അടിയന്തരഘട്ടങ്ങളിൽ എമർജൻസി വാഹനങ്ങൾക്കും എളുപ്പമെത്താൻ റോഡിന്റെ പരിമിതികൾ വെല്ലുവിളിയാകാറുണ്ട്.
പ്രധാന റോഡ്
സമീപപ്രദേശങ്ങളിലെ മിക്ക സ്കൂളുകളുടെയും സ്കൂൾ വാഹനങ്ങളടക്കം കടന്നുപോകുന്ന പാത കൂടിയാണിത്. വലിയകട മാർക്കറ്റ്, എരുമക്കാവ് ദേവീക്ഷേത്രം, അടീക്കലം അങ്കണവാടി എന്നിവിടങ്ങളിൽ എത്തുവാനുള്ള ആശ്രയമാണ് ഈ റോഡ്. മാത്രവുമല്ല അയന്തിക്കടവ് കഴിഞ്ഞു മേൽക്കടയ്ക്കാവൂർ കീഴാറ്റിങ്ങൽ ഭാഗത്തുനിന്ന് എത്തുന്നവരുടെയും പ്രധാന പാതയാണത്. അയന്തിക്കടവിൽ പാലത്തിനായി 10 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. പാലം യാഥാർത്ഥ്യമായാൽ വൻ വികസന സാധ്യതയുള്ള റോഡ് കൂടിയാണ്.
സഞ്ചാരയോഗ്യമല്ലാതെ
ഒരു കിലോമീറ്ററിലേറെ ഭാഗത്താണ് റോഡ് കൂടുതൽ തകർന്നടിഞ്ഞിട്ടുള്ളത്. ഇവിടെ മെയിന്റനൻസ് വർക്ക് നടത്തിയിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. ഈ റോഡിൽ നിന്നും കൈവഴിയായി തിരിഞ്ഞു പോകുന്ന പനയറവിളാകം - പാലകുന്ന് റോഡിന്റെയും വലിയ ഏല- അടീക്കലം റോഡിന്റെയും അവസ്ഥ വിഭിന്നമല്ല. ഇരു റോഡുകളിലും മെറ്റലുകൾ പുറത്തുവന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഈ റോഡുകളിൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാൽ നായ്ക്കളെ ഭയന്ന് റോഡുകളിൽ ഇറങ്ങാനാകാത്ത അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |