
പുതിയ ഭരണസമിതിയിൽ പ്രതീക്ഷയെന്ന് ജനങ്ങൾ
തിരുവനന്തപുരം: ഒഴിയാദുരിതമായി തുടരുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിലും ഇടയ്ക്കിടെ തോട്ടിൽവീണുണ്ടാകുന്ന അപകടങ്ങളും കാരണം പൊറുതിമുട്ടി ജനം. ഇനി വരാനിരിക്കുന്ന ഭരണസമിതിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ. വർഷങ്ങളായി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയാണ് ആമയിഴഞ്ചാൻ തോടിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം. പഴവങ്ങാടി,പവർഹൗസ് റോഡ്,തമ്പാനൂർ ഉൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലെ കാഴ്ചകൾ ദയനീയമാണെന്നും ഇവർ പറയുന്നു.
മാലിന്യക്കൂനകൾ
പ്ലാസ്റ്റിക് മാലിന്യങ്ങൾ,പഴയ ടയറുകൾ,നിർമ്മാണ അവശിഷ്ടങ്ങൾ,ഹോട്ടൽ മാലിന്യം തുടങ്ങിയവ കുന്നുകൂടി തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണമായും നഷ്ടപ്പെട്ടു. മഴക്കാലത്ത് തോട്ടിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് മാലിന്യങ്ങൾ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് മാസങ്ങളോളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾക്ക് കാരണമാകാറുണ്ട്. തോട് വൃത്തിയാക്കി, അതിന്റെ ഭംഗി സ്ഥിരമായി നിലനിറുത്തുന്നതിനുള്ള ഒരു പദ്ധതി പുതിയ സമിതി നടപ്പിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
അപകടങ്ങൾ നിരവധി
അടുത്തടുത്ത ദിവസങ്ങളിലായി തോട്ടിലേക്ക് വീണ് അപകടങ്ങൾ സംഭവിച്ചിരുന്നു. കൂടുതലും തോടിന് സുരക്ഷാഭിത്തി ഇല്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തോട്ടിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതുകാരണം നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാറില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വന്നാണ് പല സാഹചര്യങ്ങളിലും ആളുകളെ രക്ഷിച്ചത്. മാലിന്യത്തിനടിയിൽപ്പെട്ട് അബോധാവസ്ഥയിലായ ആളെ പെട്ടന്ന് ശ്രദ്ധയിൽ പെടാതെ മണിക്കൂറുകൾ കഴിഞ്ഞ് രക്ഷിച്ച സാഹചര്യവുമുണ്ട്.
എത്ര നാളായി പരാതികൾ കൊടുക്കുന്നു. ആരും തിരിഞ്ഞ് നോക്കുന്നില്ല.
ഇനി പുതിയ ഭരണസമിതി വരുമ്പോൾ ശരിയാക്കുമെന്നാണ് പ്രതീക്ഷ.
സുന്ദരൻ,ഓട്ടോ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |