പാറശാല: അധികാരികളുടെ അനാസ്ഥയിൽ ദേശീയ പാതകൾ അപകടക്കെണികളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായും മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് മുന്നറിയിപ്പുകൾ നല്കുന്നതിനായി റോഡിനിരുവശത്തായി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ തലതിരിഞ്ഞ നിലയിലാണ്. അവ ശരിയായ നിലയിൽ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ല. ഇരുവശങ്ങളിൽ നിന്നും സൈഡ് റോഡുകൾ എത്തിച്ചേരുന്ന പ്രധാന ജംഗ്‌ഷനുകൾ, വലത്തോട്ടും ഇടത്തോട്ടുമുള്ള തിരിവുകൾ എന്നിവയുടെ മുന്നറിയിപ്പിനായി സ്ഥപിച്ചിട്ടുള്ള സൈൻ ബോർഡുകൾ എല്ലാം തലതിരിഞ്ഞ നിലയിലാണ്.
റോഡ് അപകടങ്ങൾ കുറക്കുന്നതിനായി ആർ.ടി.ഒ അധികൃതരുടെ നേതൃത്വത്തിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചും റോഡ് നിയമങ്ങൾ കർശനമാക്കിയും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ബന്ധപ്പെട്ട ദേശീയപാത, സർക്കാർ, അർദ്ധസർക്കാർ അധികൃതരുടെ അനാസ്ഥകളിൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
അപകടക്കുഴികളും
പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ അവിടവിടെയായി രൂപപ്പെട്ടിട്ടുള്ള അപകടക്കുഴികളിൽ വീണ് നിരവധിപേർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ടങ്കിലും കുഴികൾ നികത്താൻ അധികൃതർ തയ്യാറാകുന്നില്ല.റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടതിനും പരിപാലിക്കേണ്ടതിനുമുള്ള ചുമതല തദ്ദേശഭരണ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെങ്കിലും അധികൃതർ ശ്രദ്ധിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ദേശീയപാതകൾ ഇരുളടഞ്ഞ നിലയിലാണ്.
മാലിന്യനിക്ഷേപവും
പൊതുനിരത്തുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നുണ്ട്. ദേശീയ പാതയിൽ കൊറ്റാമത്തിനും ഉദിയൻകുളങ്ങരയ്ക്കും മദ്ധ്യേയുള്ള റോഡിന്റെ ഭാഗം നാട്ടുകാർ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വീടുകളിലെയും കടകളിലെയും ചവറുകൾ മുതൽ അറവുശാലകളിലെ മാംസാവശിഷ്ടങ്ങൾ വരെ നിക്ഷേപിക്കുന്നത് ദേശീയപാതയുടെ ഓരത്താണ്. തെരുവുനായശല്യം വർദ്ധിച്ചതിനാൽ വാഹനങ്ങൾക്ക് കടന്ന്പോകാനും ബുദ്ധിമുട്ടാണ്.
വേണ്ടത്
ദേശീയപാതയിലെ തലതിരിഞ്ഞ സൈൻ ബോർഡുകൾ മാറ്റി സ്ഥാപിക്കുക
റോഡിലെ അപകട കുഴികൾ നികത്തുക
റോഡുവക്കുകളിൽ നാട്ടുകാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ വൃത്തിയാക്കുക
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |