SignIn
Kerala Kaumudi Online
Thursday, 19 February 2026 2.52 AM IST

കുടിനീർ കിട്ടാതെ ചെക്കാലക്കോണം കോളനി

Increase Font Size Decrease Font Size Print Page
photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം കോളനിനിവാസികൾ കുടിവെള്ളത്തിനായി മുട്ടാത്ത വാതിലുകളില്ല. വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണിവിടെ. പ്രശ്നപരിഹാരത്തിനായി 1990 -95 കാലഘട്ടത്തിലാരംഭിച്ച കുടിവെള്ള പദ്ധതി 2025ആയിട്ടും പ്രദേശവാസികൾക്ക് കിട്ടിയിട്ടില്ല. കൃഷിയ്ക്കും നീന്തൽ പരിശീലനത്തിനുമായി ക്ഷേത്രക്കുളമാണ് പദ്ധതിക്കായി ഉപയോഗിച്ചത്. ചെക്കാലക്കോണം ഹരിജൻ കോളനിയിലെ നിർദ്ധനരായ കുടുംബങ്ങൾ കിലോമീറ്ററുകൾ നടന്നാണ് കുടിവെള്ളം എടുക്കുന്നത്. 1990-95ൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിട്ട് പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പമ്പ് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി വഴിയിൽ ഉപേക്ഷിച്ചതും തിരിച്ചടിയായി. 2015 -16ൽ കുടിവെള്ളത്തിനായി നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് 21ലക്ഷം അനുവദിച്ച് വീണ്ടും പദ്ധതിക്ക് ജീവൻവയ്പിച്ചു. വീണ്ടും പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് വീണ്ടും പദ്ധതി നിശ്ചലമായി. കുളത്തിനുള്ളിൽ 15അടി താഴ്ചയിൽ കിണർ ഉറ ഇറക്കി പമ്പ് സ്ഥാപിച്ചാണ് ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. കിണറിനകത്തെ വെള്ളം പുറത്തേക്കോ പുറത്തെ വെള്ളം കിണറിനകത്തേക്കോ കടക്കാൻ പാടില്ലെന്ന് എഗ്രിമെന്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും അതും നടപ്പിലായില്ല. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 നിർമ്മാണം അശാസ്ത്രീയം

കുളത്തിലെ ചെളി മാറ്റാത്തതിനാൽ ചെളിവെള്ളമാണ് ടാങ്കിലെത്തുന്നത്. കുടിവെള്ളത്തിനായി പുനർനിർമ്മിച്ച കുളത്തിൽ കുട്ടികൾ കുളിക്കാനിറങ്ങുന്നു എന്ന കാരണത്താൽ വീണ്ടും 7 ലക്ഷം കൂടി ചെലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചു. 27 ലക്ഷം ചെലവഴിച്ചെങ്കിലും ഉദ്ഘാടനത്തിന് മുൻപ് കുളത്തിൽ സ്ഥാപിച്ച പമ്പ് കേടായി. പുതിയ പമ്പിനായി പദ്ധതിയിട്ടെങ്കിലും ഒഡിറ്റ് ഒബ്ജഷൻ ഉണ്ടാകുമെന്ന് എ.ഇ അറിയിച്ചതിനാൽ നന്ദിയോട് പഞ്ചായത്ത് പമ്പ് നന്നാക്കാനായി 60,000 രൂപ കൂടി അനുവദിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പമ്പ് സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മാസങ്ങൾ കഴിഞ്ഞെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളം ലഭിച്ചിട്ടില്ല.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY