SignIn
Kerala Kaumudi Online
Thursday, 19 February 2026 2.52 AM IST

വേനലെത്തുന്നു നാട്ടിലിറങ്ങി വന്യ മൃഗങ്ങൾ

Increase Font Size Decrease Font Size Print Page

കല്ലറ: ആന, കാട്ടുപോത്ത്, മ്ലാവ്,പുലി,കരടി,പന്നി,മയിൽ,കുരങ്ങ് ഇവയൊക്കെ ഇന്ന് നാട്ടിലിറങ്ങി വിലസുകയാണ്. വേനലായതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്.

തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്ത് തലത്തിൽ കൃഷി വകുപ്പിന്റെയും കാർഷിക കർമ്മ സേനയുടെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും വന്യമൃഗശല്യം കാരണം കർഷകർ ഭൂമി തരിശിടുന്ന കാഴ്ചയാണ് ഇപ്പോൾ. ലോണെടുത്തും പണയം വച്ചും കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്.

കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകൾ എല്ലാം കാട്ടു പന്നികൾ നശിപ്പിച്ചു. കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിൽ ഇറങ്ങി പന്നികൾ നശിപ്പിക്കുന്നത്. വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നണ്ട്.

ആക്രമണവും പതിവ്

നാട്ടിലിറങ്ങുന്ന പന്നി,മ്ലാവ് എന്നിവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിന് നേരെ മ്ലാവ് ചാടി മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

പന്നി ശല്യം രൂക്ഷം

പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും നടപടിയായില്ല. രാത്രി കാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്. ഇവയെ പേടിച്ച് പുറത്തിറങ്ങാനും ജനങ്ങൾ ഭയക്കുന്നു. സമീപ ദിവസങ്ങളിൽ നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരാണ്.

കൃഷിഭൂമി അന്യമാകുന്നു

കൃഷി ചെയ്യാൻ ലോണെടുക്കുന്നത് കൂടാതെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ, കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കേണ്ട അവസ്ഥയാണ്. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ കൃഷി ഭൂമി തരിശിടാനെ കർഷകന് നിർവാഹമുള്ളൂ.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY