
ബാലരാമപുരം: കോട്ടുകാൽ പഞ്ചായത്തിന് കീഴിലെ ഉച്ചക്കട പൊതുമാർക്കറ്റിലെ മാലിന്യക്കൂനക്കെതിരെ വ്യാപക പരാതിയുയരുന്നു. ഉപഭോക്താക്കൾക്ക് കടന്നുവരാൻ കഴിയാത്തവിധം മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്നതിനാൽ മാർക്കറ്റിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. കഴിഞ്ഞ അഞ്ച് മാസമായി മാർക്കറ്റിൽ നിന്നും പുറന്തള്ളേണ്ട വേസ്റ്റുകൾ മാർക്കറ്റിനുള്ളിൽ തന്നെ അടിഞ്ഞുകൂടികിടക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ നാട്ടുകാരും കച്ചവടക്കാരും ജനപ്രതിനിധിയോടും പഞ്ചായത്തിനോടും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പച്ചക്കറി,മീൻ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങളെല്ലാം മാർക്കറ്റിൽ പ്രവർത്തിക്കുന്നുണ്ട്. പച്ചക്കറിയുൾപ്പെടെ ജൈവമാലിന്യമെല്ലാം ഒരു ഭാഗത്ത് കവറിൽ കെട്ടി നിക്ഷേപിക്കുന്നുണ്ട്. അറവുമാലിന്യം പുറത്ത് സംസ്കരിക്കാൻ അയക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കച്ചവടം കഴിഞ്ഞ് സന്ധ്യയോടടുക്കുമ്പോൾ മാർക്കറ്റ് വൃത്തിഹീനമാണ്. സന്ധ്യ കഴിഞ്ഞാൽ തെരുവ് നായ്ക്കളുടെ കൂട്ടമാണ് മാർക്കറ്റ് കയ്യാളുന്നത്. മാർക്കറ്റിനുള്ളിലെ മാലിന്യം നീക്കേണ്ട ചുമതല പഞ്ചായത്ത് അധികൃതർക്കാണെന്നാണ് കച്ചവടക്കാർ പറയുന്നത്. സാധനം ഇറക്കി കച്ചവടം ചെയ്യുമെങ്കിലും വഴിയോരക്കച്ചവടം പതിവായതോടെ പ്രതീക്ഷിച്ച ലാഭമൊന്നും മാർക്കറ്റിൽ നിന്നും ലഭ്യമാകുന്നില്ലെന്നാണ് കച്ചവടക്കാരുടെ ഭാക്ഷ്യം.
പരാജയപ്പെട്ട് പദ്ധതി
2005 മുതൽ കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ പൊതുമാർക്കറ്റുകളിൽ ബയോഗ്യാസ് സംവിധാനം നടപ്പാക്കിയെങ്കിലും പഞ്ചായത്തധികൃതരുടെ കെടുകാര്യസ്ഥത മൂലം പദ്ധതി പരാജയപ്പെടുകയായിരുന്നു. ആദ്യകാലഘട്ടത്തിൽ ഒരു പ്ലാന്റ് സ്ഥാപിക്കാൻ 5 ലക്ഷം രൂപയാണ് ചെലവ് വന്നതെങ്കിൽ ഇന്നത് പതിൻമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംസ്കരിക്കാൻ ബയോഗ്യാസ് സംവിധാനം പരാജയമെന്ന് വിധിയെഴുതിയതോടെ വാർഷിക ബഡ്ജറ്റിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് പദ്ധതിയിൽ നിന്നും പാടെ പഞ്ചായത്ത് ഒഴിവാക്കി.
ബയോഗ്യാസ് പ്ലാന്റ് അനിവാര്യം
പഞ്ചായത്തിനു കീഴിലെ ചെറുകിട മാർക്കറ്റുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് മാലിന്യമുക്തമാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മാലിന്യം നിറയ്ക്കുന്നതിലെ അശ്രദ്ധമൂലമാണ് മിക്ക പ്ലാന്റിന്റെയും പ്രവർത്തനം തകരാറിലാവുന്നത്. വിദഗ്ദ്ധ പരിശീലനം ഉറപ്പുവരുത്തി മാലിന്യനിക്ഷേപ തോത്, ജൈവ- അജൈവ വേർതിരിവ് എന്നിവയൊക്കം തരംതിരിച്ച് ശാസ്ത്രീയമായ രീതിയിൽ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിച്ചാലേ പദ്ധതി വിജയകരമാക്കാൻ സാധിക്കുകയുള്ളൂ. ശുചിത്വമിഷന്റെ സഹായവും ലഭ്യമല്ലാതായതോടെയാണ് പഞ്ചായത്തുകളിൽ ബയോഗ്യാസ് പ്ലാന്റ് സമ്പൂർണ പരാജയമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |