വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ, ജംഗ്ഷൻ കൂരിരുട്ടിലായി. ലൈറ്റ് കേടായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും അധികൃതരുടെ അലംഭാവം തുടരുകയാണ്. എ.സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള തുക വിനിയോഗിച്ചാണ് തോട്ടുമുക്കിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. അടുത്തിടെ മുൻ തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അനുവദിച്ച തുക ഉപയോഗിച്ച്, ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കിയെങ്കിലും വീണ്ടും കേടായി. ഇപ്പോൾ ലൈറ്റ് നോക്കുകുത്തിയായി എന്നതാണ് യാഥാർത്ഥ്യം. പ്രതിഷേധ സമരം നടത്താനുള്ള തീരുമാനത്തിലാണ് ജനങ്ങൾ.
നടപടി വൈകുന്നു
വിതുര, തൊളിക്കോട് പഞ്ചായത്തിലെ വിവിധ ജംഗ്ഷനുകളിലെയും ഹൈമാസ്റ്റ് ലൈറ്റുകളും കൃത്യമായി കത്തുന്നില്ല. വിതുര കലുങ്ക് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിൽ ആറിൽ രണ്ട് ലൈറ്റുകൾ മാത്രമാണ് മിന്നുന്നത്.
തോട്ടുമുക്കിൽ ലൈറ്റ് കത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ അനക്കമില്ലെന്ന സ്ഥിതിയാണ്.
നേരിടുന്ന പ്രധാന പ്രശ്നങ്ങൾ
1.മോഷ്ടാക്കളും,സാമൂഹികവിരുദ്ധരും പ്രദേശത്ത് വർദ്ധിച്ച സാഹചര്യത്തിൽ നിവാസികൾ പരാതി നൽകിയിട്ടും നടപടികളുണ്ടായിട്ടില്ല.
2.തോട്ടുമുക്ക് മേഖലയിൽ നിലവിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. രാത്രിയിൽ ബസിറങ്ങുന്നവർ ഭയത്തോടെയാണ് പോകുന്നത്. ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ കേന്ദ്രീകരിച്ച് കൂട്ടമായി തെരുവുനായ്ക്കൾ എത്തുന്നതും ആശങ്കാജനകമാണ്.
3.തോട്ടുമുക്ക് കന്നുകാലിവനം,പൊൻപാറ മണലയം,പേരയത്തുപാറ,ചാരുപാറ മേഖലകളിൽ കാട്ടുപന്നികളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. രാത്രിയിൽ പന്നികൾ പൊൻമുടി സംസ്ഥാനപാതയിൽ എത്തുന്നതിനാൽ ഇരുചക്രവാഹനക്കാരും ഭീഷണിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |