തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് എന്ന് പേര് മാറ്റിയിട്ടും നേമം റെയിൽവേ ടെർമിനലിനോട് അവഗണന തുടരുന്നു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ ചരക്കുനീക്കത്തിന്റെ പുതിയ ഹബ്ബായി വികസിക്കേണ്ട നേമം ടെർമിനലിലാണ് എൽ.എച്ച്.ബി,വന്ദേഭാരത്,അമൃത് ഭാരത്,നമോ ഭാരത്,മെമു റേക്കുകൾ പരിപാലിക്കാനുള്ള സൗകര്യമൊരുക്കാൻ വിഭാവനം ചെയ്‌തത്.
എന്നാൽ 116 കോടി ചെലവിട്ട് രണ്ട് പിറ്റ്ലൈനുകളും മൂന്ന് സ്റ്റേബ്ളിംഗ് ലൈനുകളും നിർമ്മിക്കാനുള്ള ഒന്നാംഘട്ടം നിർമ്മാണത്തിന് പുരോഗതിയില്ല. രണ്ടാം ഘട്ട നിർമ്മാണത്തിന്റെ പദ്ധതി 350 കോടിയിൽ നിന്ന് 97 ആയി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ബഡ്‌ജറ്റിന് മുമ്പ് 350 കോടിയുടെ പദ്ധതിക്കാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രൊപ്പോസൽ അയച്ചത്. ആയിരത്തിലധികം കോച്ചുകൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ചു പിറ്റ്‌ലൈനുകളും 10 സ്‌റ്റേബിളിംഗ് ലൈനുകളും അത്യാവശ്യമാണെന്നും അത് മുമ്പ് റെയിൽവേ ബോർഡ് നിർദ്ദേശിച്ചതാണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അനുവദിച്ചത് അഞ്ചിന് പകരം നാലു പിറ്റ്‌ലൈനും പത്തിന് പകരം ആറ് സ്‌റ്റേബിളിംഗ് ലൈനുമാണ്. ഒരു പിറ്റ്‌ലൈനിന് രണ്ട് സ്‌റ്റേബിളിംഗ് ലൈൻ എന്നതാണ് അനുപാതം. അതും പാലിച്ചില്ല. ഇതോടെ വമ്പൻ കേന്ദ്രമായി മാറാനൊരുങ്ങിയ നേമം ചെറിയ ലക്ഷ്യത്തിലേക്ക് ചുരുങ്ങി.
അനുമതി കിട്ടാൻ എളുപ്പമാക്കാനാണ് 97 കോടിയായി കുറച്ചതെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. പിന്നീട് വികസിപ്പിക്കാൻ കൂടുതൽ തുകയ്ക്കുള്ള പദ്ധതി കൊണ്ടുവരാമെന്നും അവർ വാദിക്കുന്നു. എന്നാൽ ഭൂമിയേറ്റെടുക്കാൻ കാലതാമസമുണ്ടാകുമെന്നാണ് സംസ്ഥാനസർക്കാർ പറയുന്നത്. 350 കോടിയുടെ മാസ്റ്റർപ്ലാനിന് ആദ്യം തന്നെ ദക്ഷിണ റെയിൽവേ,റെയിൽവേ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരുന്നെങ്കിൽ ഭൂമിയും നേരത്തെ ഏറ്റെടുത്തു കിട്ടുമായിരുന്നു. പദ്ധതി വൈകുന്നതോടെ ഭൂമിവില കൂടുമെന്ന പ്രശ്‌നവുമുണ്ട്. പുതിയ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടുവർഷം വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |