
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം കോളനി നിവാസികൾ കുടുവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഇവിടെ മഴക്കാലമായാലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ പ്രദേശത്തിന്റെയാകെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറപ്പിൽ 1990-1995ൽ തുടങ്ങിയ കുടിവെള്ള പദ്ധതി 2025ആയിട്ടും നടപ്പാക്കിയിട്ടില്ല. കൃഷിയാവശ്യത്തിനും നീന്തൽ പരീശീലത്തിനും ഉപയോഗിച്ചിരുന്ന ക്ഷേത്രക്കുളമാണ് പദ്ധതിക്കായി വിനിയോഗിച്ചത്. നിലവിൽ നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം ഹരിജൻ കോളനിയിലെ നിർദ്ധനരായ കുടുംബങ്ങൾ കിലോമീറ്ററുകൾ കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
1990-1995ൽ കുടിവെെള്ളത്തിനായി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിട്ട് പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള കുളത്തിൽ പമ്പ് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി എത്തിക്കാനായുള്ള പദ്ധതിയാണ് പകുതി വഴിയിൽ ഉപേക്ഷിച്ചത്. അന്ന് സ്വകാര്യവ്യക്തി നൽകിയ സ്ഥലത്ത് പമ്പും ടാങ്കും സ്ഥാപിച്ചെങ്കിലും ക്രമേണ അപ്രത്യക്ഷമായി.
ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വെള്ളം ലഭിച്ചിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2015-2016ൽ ബ്ലോക്ക് പഞ്ചായത്ത് 21ലക്ഷം രൂപ അനുവദിച്ച് വീണ്ടും കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പദ്ധതി നിശ്ചലമായി.
പദ്ധതി പാതിവഴിയിൽ
ഈ കുളത്തിനുള്ളിൽ 15അടി താഴ്ചയിൽ കിണർ ഉറയിറക്കി പമ്പ് സ്ഥാപിച്ചാണ് ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. കിണറിനകത്തെ വെള്ളം പുറത്തേക്കോ പുറത്തെ വെള്ളം കിണറിനകത്തേക്കോ കടക്കാൻ പാടില്ലെന്ന് പദ്ധതിയുടെ എഗ്രിമെന്റിൽ പറഞ്ഞിട്ടുണ്ടെങ്കിലും നടപ്പിലായില്ല. കുളത്തിലെ ചെളി മാറ്റാത്തതിനാൽ ചെളിവെള്ളമാണ് ടാങ്കിലെത്തുന്നത്. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും കൃഷിക്കാരുടെ ആശ്രയവുമായ കുളം ഈ കുടിവെള്ള പദ്ധതിയോടെ ഉപയോഗിക്കാനാകാതെയായി.
അശാസ്ത്രീയമായ നിർമ്മാണം
കുടിവെള്ളത്തിനായ് പുനർനിർമ്മിച്ച കുളത്തിൽ കുട്ടികൾ കുളിക്കാനിറങ്ങുന്നുവെന്ന കാരണത്താൽ വീണ്ടും 7ലക്ഷം ചെലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചു. വീണ്ടും 27ലക്ഷം ചെലവഴിച്ചെങ്കിലും ഉദ്ഘാടനം നടത്തുന്നതിനു മുൻപെ കുളത്തിൽ സ്ഥാപിച്ച പമ്പ് കേടായി. പുതിയ പമ്പ് വാങ്ങാൻ പദ്ധതിയിട്ടെങ്കിലും ഓഡിറ്റ് ഒബ്ജഷൻ ഉണ്ടാകുമെന്ന് എ.ഇ അറിയിച്ചതിനാൽ നന്ദിയോട് പഞ്ചായത്ത് പമ്പ് നന്നാക്കാനായി 60,000രൂപകൂടി അനുവദിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പമ്പ് സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |