
വെഞ്ഞാറമൂട്: പെരുന്നാളും തിരഞ്ഞെടുപ്പും അടുത്തതോടെ അന്യസംസ്ഥാന തൊഴിലാളികൾ
കൂട്ടത്തോടെ നാടുവിടുന്നു.വോട്ടർ പട്ടിക പുതുക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെങ്കിൽ ആയുഷ്ക്കാലം വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രചാരണവും റേഷൻ കാർഡിൽനിന്ന് പേര് വെട്ടുമെന്ന ഭീഷണിയുമാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്.
അസാം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിൽ കൂടുതലായുള്ളത്. കൂലിപ്പണി മുതൽ ചെറുകിട കമ്പനികൾ,പ്ലൈവുഡ് മേഖല,കെട്ടിട നിർമ്മാണം,ഹോട്ടൽ,റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ആളെ കിട്ടാത്ത അവസ്ഥയാണ്. കർഷകരും ആശങ്കയിലാണ്. വോട്ട് ചെയ്യാനെത്തണമെന്ന കർശന നിർദ്ദേശമാണ് നാട്ടിൽനിന്ന് ഇവരെ തേടിയെത്തുന്നത്. വലിയ വാഗ്ദാനങ്ങളുമുണ്ട്. പോകുന്നവർക്ക് ട്രെയിനുകളിൽ ബൾക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്.
എല്ലാ വർഷവും ബക്രീദിന് നാട്ടിൽ പോകുന്നത് മിക്ക തൊഴിലാളികളുടെയും രീതിയാണ്. ഇക്കുറി തിരഞ്ഞെടുപ്പ് കഴിയാതെ തിരിച്ചുവരില്ലെന്നാണ് ഇവർ തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്.
സ്തംഭിച്ച് തൊഴിൽ മേഖല
ഉത്തരേന്ത്യൻ തൊഴിലാളികൾ നാടുകളിലേക്ക് പോകുന്നതോടെ സമസ്ത മേഖലയും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പണിക്കൂലി വർദ്ധിപ്പിച്ചതും മലയാളികൾക്ക് തിരിച്ചടിയാവുന്നുണ്ട്. 800 രൂപ നൽകിയിരുന്ന സ്ഥാനത്ത് 1000രൂപയാണ് ഇപ്പോൾ ദിവസക്കൂലി. തൊഴിലാളികളുടെ മടക്കം കൂടുതൽ ബാധിക്കുന്നത് നിർമ്മാണ മേഖലയെയാണ്.
നെൽകൃഷിക്കും വിന
തൊഴിലാളിക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെൽകൃഷിയിൽനിന്ന് കർഷകരെ അകറ്റിത്തുടങ്ങിയപ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. വർഷങ്ങളായി നെൽകർഷകർ നിലമൊരുക്കാനും ഞാറുനടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാൾ സ്വദേശികളെയാണ്. ഒരേക്കർ വയലിൽ ഞാറ് പറിച്ചുനടുന്നതിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് 5000-60000 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തും. മൂന്നോ നാലോ മണിക്കൂർകൊണ്ട് പണി തീർക്കും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കിൽ 18 മുതൽ 22പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ജോലി തീർക്കുക. ഒരാൾക്ക് 400-450 രൂപ കൂലിയും മറ്റ് ചെലവുകളും നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |