കഴക്കൂട്ടം: എലവേറ്റഡ് ഹൈവേ ഉദ്ഘാടനം കഴിഞ്ഞിട്ടും സർവീസ് റോഡിലെ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കഴക്കൂട്ടത്തെ വ്യാപാരികൾ അനിശ്ചിതകാല സമരവുമായി രംഗത്ത്. എലവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചതുമുതൽ ഇരുവശത്തെയും റോഡിനോടു ചേർന്ന് ആഴത്തിൽ കുഴിച്ചിരുന്നു. പൈപ്പ്ലൈനുകൾ, കേബിളുകൾ എന്നിവയിടാനും ഓട നിർമ്മിക്കാനും വേണ്ടിയാണ് കടകളുടെ മുന്നിൽ ഏഴടിയിലേറെ താഴ്‌ചയിൽ ജെ.സി.ബി ഉപയോഗിച്ച് കുഴികളെടുത്തത്.
എന്നാൽ ഓടകളും കേബിളുകളും സ്ഥാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാക്കി അവ മൂടാൻ നിർമ്മാണ കമ്പനിയോ ദേശീയപാത അധികൃതരോ ഇതുവരെ ശ്രമിച്ചിട്ടില്ല. സ്ഥാപിച്ച കേബിളുകളുടെ ടെസ്റ്റിംഗ് ജോലികൾ ബന്ധപ്പെട്ട വകുപ്പ് പൂർത്തിയാക്കാത്തതാണ് പണികൾ വൈകാൻ കാരണമെന്നാണ് കമ്പനിയുടെ വാദം. സർവീസ് റോഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കടകൾക്കും വ്യാപാര സമുച്ചയങ്ങൾക്കും മുന്നിലെ പണികൾ പൂർത്തിയാക്കാത്തതിനാൽ പ്രവർത്തിക്കാതെ വാടക കൊടുക്കേണ്ടി വരുന്നത് ഉടമകൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നു.
അസൗകര്യങ്ങൾ കാര്യമാക്കാതെ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മുന്നിലെ കുഴികൾ കാരണം ആരും കയറാത്ത അവസ്ഥയാണ്. ചില വ്യാപാരികൾ കടയ്ക്ക് മുന്നിലെ കുഴികളിൽ മണ്ണിട്ട് സഞ്ചാരയോഗ്യമാക്കാൻ മുന്നോട്ടുവന്നെങ്കിലും ദേശീയപാത ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. കുഴിച്ചിട്ടിരിക്കുന്ന ഭാഗത്തെ പണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കിയില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് കടകളടച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് വ്യാപാരികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |