വെള്ളറട: പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടിൽ പ്രിയംവദയെ (48) കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന് പിന്നിൽ കവർച്ചയാണ് ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തൽ. പ്രതി വിനോദുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചു.
പ്രിയംവദ പുറത്തുപോകുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന ബാഗും ചെരുപ്പും പ്രതി വിനോദ് കൊലപാതകത്തിന് ശേഷം കത്തിച്ചിരുന്നു. ഇയാളുടെ വീടിനോട് ചേർന്ന് ഇവ കത്തിച്ച സ്ഥലം പ്രതി ഇന്നലെ പൊലീസിന് കാണിച്ചുകൊടുത്തു. പ്രിയംവദയുടെ വീട് പൂട്ടിയശേഷം പഞ്ചാകുഴി റോഡിലെ ഓടയിൽ വലിച്ചെറിഞ്ഞ താക്കോലും കണ്ടെത്തി. കഴുത്തിലുണ്ടായിരുന്ന മാലയുടെ ലോക്കറ്റ് പനച്ചമൂട്ടിലെ ആഭരണ വില്പനശാലയിൽ വിറ്റതായി പറഞ്ഞെങ്കിലും സ്ഥാപനം അടച്ചിരുന്നതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
വിറ്റ പണം കൊണ്ട് തമിഴ്നാട് അതിർത്തിയിലുള്ള കടയിൽ നിന്നും ഫോൺ വാങ്ങിയതിനാൽ പ്രതിയെ അവിടെയുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഉദയൻകുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനം പണയംവച്ചിരുന്ന മാല പൊലീസിന് കൈമാറിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. മൂക്കുത്തിയും മാലയും കാണാനില്ലെന്ന് മക്കൾ മൊഴി നൽകിയിരുന്നു. എന്നാൽ മൂക്കുത്തി ദേഹത്തുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 12നായിരുന്നു കൊലപാതകം.
പ്രിയംവദ സ്ഥലംവിട്ട് പോയെന്ന് വരുത്തിതീർക്കാനും കൊലപാതക വിവരം പുറത്തറിയാതിരിക്കാനും വേണ്ടിയാണ് ബാഗും ചെരുപ്പും കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആദ്യം വിനോദ് പറഞ്ഞ മൊഴികളെല്ലാം കള്ളമാണെന്നും കവർച്ചയാണ് ലക്ഷ്യമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യക്തമായത്.
പ്രിയംവദയും പ്രതിയുമായി സാമ്പത്തിക ഇടപാടുകളോ സുഹൃത് ബന്ധമോ ഇല്ലെന്ന് ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും സ്ഥിരീകരിച്ചു. സ്ഥിരമായി ജോലിക്കുപോകാത്ത ഇയാൾ കിട്ടുന്ന പണം മദ്യപിക്കാൻ ചെലവാക്കുന്ന സ്വഭാവക്കാരനാണെന്നും കണ്ടെത്തി. തെളിവെടുപ്പ് ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |