അനധികൃത പാർക്കിംഗിൽ ഞെരുങ്ങി നഗരം
തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ഇൻഡിക്കേറ്റർ പോലുമിടാതെ ഒരു കാർ പെട്ടെന്ന് നിറുത്തുന്നു. ഇടത്തേക്കോ വലത്തേക്കോ പോകാനാണ് ഡ്രൈവറുടെ പ്ലാനെന്ന് കരുതിയ നാട്ടുകാർക്ക് തെറ്റി. വാഹനം 'ആ സ്പോട്ടിൽ' തന്നെ പാർക്ക് ചെയ്ത് ഒന്നും സംഭവിക്കാത്തപോലെ ഡ്രൈവർ പുറത്തിറങ്ങി.രണ്ടാഴ്ച മുൻപ് കിള്ളിപ്പാലത്ത് നിന്ന് അട്ടക്കുളങ്ങരയിലേക്ക് പോകുന്ന റോഡിൽ നടന്ന സംഭവമാണിത്.
ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയാകുമ്പോഴും നഗരത്തിലെ അനധികൃത പാർക്കിംഗ് തടയാൻ വഴികളേതുമില്ല. തോന്നുംപടി പാർക്ക് ചെയ്ത് പോകുന്ന വാഹനങ്ങൾ കാരണം,ശരാശരി 10 മീറ്റർ വീതിയുള്ള റോഡുകളിൽ പോലും സുഗമമായ വാഹനസഞ്ചാരം സാദ്ധ്യമാകുന്നില്ല. സ്മാർട്ട് സിറ്റിയുടെ സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടുത്തിടെ അട്ടക്കുളങ്ങരയിൽ ആന്റി - ഗ്ലെയർ സ്ട്രിപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. കാൽനടയാത്രക്കാർക്കായി നടപ്പാതയുടെ വീതിയും കൂട്ടി. ഇതോടെ റോഡിന്റെ വീതി കുറഞ്ഞു. ഇതിനൊപ്പം ഹെവി വാഹനങ്ങളുൾപ്പെടെ യഥേഷ്ടം പാർക്ക് ചെയ്യുന്നതോടെ തിങ്ങിഞ്ഞെരുങ്ങിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഓണക്കാലമായതോടെ ശനി-ഞായർ ദിവസങ്ങളിലും സായാഹ്നങ്ങളിലും അട്ടക്കുളങ്ങരയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്കാണ്. ഇവരിൽ പലരും വാഹനം പുറത്തെടുക്കാനുള്ള ബുദ്ധിമുട്ട് കണ്ട് റോഡ് സൈഡിൽ ഇടുന്നതാണ് പതിവ്. പാർക്കിംഗ് ഫീസ് കൊടുക്കാൻ മടിച്ച് വഴിയിൽ ഇടുന്നവരും കുറവല്ല. അട്ടക്കുളങ്ങരയിൽ നിന്ന് കിഴക്കേകോട്ടിലേക്ക് പോകുന്ന ഭാഗത്ത് സ്കൂൾ - ഓഫീസ് സമയങ്ങളിലുണ്ടാവുന്ന ഗതാഗതക്കുരുക്കിന് വലിയൊരു കാരണവും ഇതാണ്. പലപ്പോഴും കാറുകൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ പിന്നിലെത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം തെറ്റും.ഡിവൈഡറിൽ നിന്ന് റോഡ് മുറിച്ച് കടക്കുന്നവർക്കും ബുദ്ധിമുട്ടാണ്.
ഞങ്ങൾക്ക് തോന്നുംപടി
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് സ്റ്റാച്യുവിലേക്കുള്ള റോഡിലും ഇതേ പ്രശ്നമുണ്ട്.ബസ് സ്റ്റോപ്പിന് സമീപത്തുൾപ്പെടെ കാറുകൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നത് പതിവാണ്. അടുത്തിടെ ജനറൽ ആശുപത്രിക്ക് സമീപത്തായിരുന്നു അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറി ഓട്ടോ ഡ്രൈവർ മരിച്ചത്. പലപ്പോഴും കാർ റോഡിന്റെ വശത്ത് പാർക്ക് ചെയ്ത് പിന്നിലേക്ക് നോക്കാതെ ഡ്രൈവർമാർ ഡോർ വലിച്ച് തുറക്കും. കാര്യം തിരക്കിയാൽ 'തർക്കിക്കാൻ സമയമില്ലെന്ന്' പറഞ്ഞ് നടന്നകലും. ആയിരക്കണക്കിന് രോഗികളാണ് പ്രതിദിനം ജനറൽ ആശുപത്രിയിലെത്തുന്നത്. സാധാരണക്കാരായ രോഗികളെ കൊണ്ടിറക്കുന്ന ബസുകളും ഓട്ടോകളും അനധികൃത പാർക്കിംഗിൽ വലയുന്നു. വഴുതക്കാട് ഗവ. വിമെൻസ് കോളേജിന് സമീപമുള്ള റോഡാണ് മറ്റൊരു അപകടക്കെണി.ആവശ്യത്തിലധികം വീതിയുണ്ടെങ്കിലും അനധികൃത പാർക്കിംഗ് കാരണം സ്ഥലം പാഴായിപ്പോകുന്നു.
പരിഹാരമെന്ത്?
വശങ്ങളിൽ കൊണ്ടിടുന്ന വാഹനങ്ങൾക്കു നേരെ ട്രാഫിക്ക് പൊലീസ് കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചിലപ്പോൾ മാത്രം വാഹനം മാറ്റിയിടാൻ ആവശ്യപ്പെടും. ഓണത്തിന് നിരത്തുകളിലെ തിരക്ക് വർദ്ധിക്കുന്നതോടെ വഴുതക്കാട്,കിഴക്കേകോട്ട,പാളയം,വെള്ളയമ്പലം - മാനവീയം വീഥി,അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ പാർക്കിംഗ് നടപടികൾ കർശനമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |