തൃശൂർ : സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനത്തിൽ ജില്ലയ്ക്കും അഭിമാനം. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും മുൻ തൃശൂർ ഡി.എം.ഒയുമായ ഡോ.കെ.ജെ.റീനയെ ഇന്നലെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. തൃശൂർ സ്വദേശിനിയായ ഡോ.കെ.ജെ.റീന രാജ്യത്ത് കൊവിഡ് മഹാമാരി ആദ്യമായി തൃശൂരിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഡി.എം.ഒയായി കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ നിലപാടെടുത്തു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിലപാടാണെടുത്തത്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ മൃതദേഹം കാലതാമസം കൂടാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി. 1996ൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച ഡോ.റീന 2016 മുതൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ താത്ക്കാലിക ഡയറക്ടറായിരുന്ന ഡോ.മീനാക്ഷിയുടെ സ്ഥാനത്താണ് ഇന്നലെ അവർ സ്ഥിരം ഡയറക്ടറായി ചുമതലയേറ്റത്. കുറ്റൂർ സ്വദേശി പി.കെ.വിശ്വനാഥനാണ് ഭർത്താവ്. മെഡിക്കൽ വിദ്യാർത്ഥിനി ലക്ഷ്മിയും വെറ്ററിനറി വിദ്യാർത്ഥി വിശ്വജിത്ത് എന്നിവർ മക്കളാണ്.
പ്രളയം മുതൽ കൊവിഡ് വരെ
രണ്ട് പ്രളയത്തിലും ഓഖി ദുരന്ത സമയത്തും പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ചുമതലക്കാരിയായിരുന്നു. നിപ്പ സമയത്ത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. പിന്നീടാണ് കൊവിഡെത്തിയത്. തൃശൂരിൽ കൊവിഡെത്തുമ്പോൾ ഡി.എം.ഒയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |