തൃശൂർ: സംസ്ഥാനത്ത് വെള്ളിയാഴ്ച എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച രോഗികളിൽ പകുതിയിലേറെപ്പേർ തൃശൂരിൽ. 42 രോഗികളിൽ 22 പേരും ജില്ലയിലായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി കടുപ്പിച്ചു. എച്ച് വൺ എൻ വൺ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി സ്വദേശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരിച്ചത്. ഇടവിട്ടുള്ള മഴയും തണുത്ത അന്തരീക്ഷവും കാരണം എച്ച് വൺ എൻ വൺ പടരാനുളള സാദ്ധ്യതയേറെയാണ്. വായുവിലൂടെ പകരുന്ന വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്ങളുണ്ടാക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. അസുഖബാധിതനായ ആളിൽ നിന്നും രണ്ട് മുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. എച്ച് വൺ എൻ വൺ ഇൻഫ്‌ളുവൻസ എന്ന അസുഖം ഒന്നരപതിറ്റാണ്ട് മുൻപ് അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തതാണ്. ആർ.എൻ.എ വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഇൻഫ്‌ളുവൻസ വൈറസാണിത്.
ലക്ഷണങ്ങളിൽ ജാഗ്രത വേണം
സാധാരണ വൈറൽ പനിക്ക് സമാനമാണ് ലക്ഷണം. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയുണ്ടാകും. ആസ്ത്‌മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം ഗുരുതരമായേക്കാം. വൈറസ് ബാധ നിയന്ത്രിക്കാനും മാരകമാകാതെ സൂക്ഷിക്കാനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയാനും വൈറസിനെതിരെയും മരുന്നുകൾ കഴിക്കണം.
മാസ്‌ക് മസ്റ്റ്
പനി ബാധിതരുമായി ഇടപഴകുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.
കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് വൈറസ് വ്യാപനം തടയാൻ സഹായിക്കും.
പോഷകാഹാരങ്ങൾ കഴിക്കുകയും ചൂടുള്ള പാനീയം കുടിക്കുകയും ചെയ്യണം
ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രായമുള്ളവർ എന്നിവർ ജാഗ്രത പുലർത്തണം
രോഗപ്പകർച്ച ഒഴിവാക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണം.
പകർച്ചവ്യാധികളുടെ കണക്ക്
ജൂലായ് 19ന്
എച്ച് വൺ എൻ വൺ 22
പനി 1024
ഡെങ്കി 71
എലിപ്പനി 3
മഞ്ഞപ്പിത്തം 3
വയറിളക്കം 252
ചിക്കൻപോക്‌സ് 4
ആരോഗ്യപ്രവർത്തകർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശം നൽകിട്ടുണ്ട്. എച്ച് വൺ എൻ വൺ കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും
ഡോ.ടി.പി.ശ്രീദേവി
ജില്ലാ മെഡിക്കൽ ഓഫീസർ, തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |