തൃശൂർ: ഒല്ലൂർ ഗവ.കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ മൂന്ന് മാസത്തിൽ പൂർത്തീകരിക്കാൻ കളക്ടർക്ക് റവന്യൂമന്ത്രി കെ.രാജൻ നിർദ്ദേശം നൽകി . നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒല്ലൂക്കര മുളയം വില്ലേജുകളിലായി കണ്ടെത്തിയ അഞ്ചര ഏക്കർ സ്ഥലമാണ് കോളേജിനായി കണ്ടെത്തിയത്. മറ്റ് നിയമപരമായ നടപടികൾ പൂർത്തിയാക്കി മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കാനാണ് മന്ത്രി കർശന നിർദ്ദേശം കളക്ടർക്ക് നൽകിയത്. കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം പങ്കെടുത്തു.
നടത്തറ പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശ്രീധരി പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജൂലായ് 30ന് അകം മണ്ണിട്ട് പാലം സഞ്ചാര യോഗ്യമാക്കാനും യോഗം തീരുമാനിച്ചു. നെടുപുഴ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം സെപ്തംബർ മാസത്തിൽ ടെൻഡർ നടപടികളിലേക്ക് കടക്കണമെന്നും, കണ്ണാറയിലെ ബനാന ഹണി പാർക്കിന്റെ പ്രവർത്തനം ആരംഭിക്കാനായി വൈദ്യൂതീകരണ പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനും ചുറ്റുമതിലടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കിഫ്ബിയിൽ നിന്നും അധിക തുക അനുവദിക്കാനും തീരുമാനിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡ് വീതി കൂട്ടാനുള്ള നടപടികളുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു മാറ്റി ജൂലായ് 31 ന് അകം പൂർണ്ണമായും പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമ്മാണത്തിനായി കൈമാറണമെന്നും തീരുമാനിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ.കൗശിഗൻ, കളക്ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |