കൈപ്പറമ്പ് : 'അയ്യോ സർക്കാരേ കൺതുറക്കൂ'. വാഹനങ്ങൾക്ക് ടാക്‌സ് വാങ്ങിയാൽ പോരാ, റോഡ് നന്നാക്കാൻ മനസുണ്ടാകണം എന്ന ആവശ്യവുമായി സംസ്ഥാന പാതയിൽ നിരന്തരം പ്രതിഷേധം. അപകടമില്ലാത്ത ദിവസങ്ങളില്ല, വാഹനങ്ങൾ കേടുപാട് സംഭവിച്ച് വഴിയിൽ കിടക്കാത്ത ദിവസമില്ല, ഗതാഗതക്കുരുക്ക് മൂലം അരമണിക്കൂർ യാത്ര ഒന്നരമണിക്കൂറാകുന്നു എന്നിങ്ങനെയാണ് യാത്രക്കാരുടെ പരാതി.
തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് സെന്ററിൽ രൂപപ്പെട്ട കുഴികളിൽ പ്രദേശവാസികൾ ശനിയാഴ്ച രാവിലെ വാഴ നട്ട് പ്രതിഷേധിച്ചു. 29 ലക്ഷം ചെലവാക്കി കുഴിയടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ അടച്ച കുഴിയിൽ വൈകിട്ടാകുമ്പോഴേക്കും മഴയിൽ വെള്ളം നിറഞ്ഞ് ബൈക്ക് യാത്രികർ വീണു. കഴിഞ്ഞദിവസം മഴുവഞ്ചേരിയിൽ കാർ കുടുങ്ങിയ അതേസ്ഥലത്ത് ബൈക്ക് യാത്രികൻ വീണ് ചെളി വെള്ളത്തിൽ കുളിച്ചു.
കുഴികളിൽ ബൈക്ക് യാത്രികർ കുടുങ്ങാതിരിക്കാനായാണ് വാഴ നടുന്നതെന്ന് പറഞ്ഞാണ് കൈപ്പറമ്പിലെ യുവാക്കളായ സുഭാഷ്, ഉണ്ണിക്കൃഷ്ണൻ, വിൻസൺ, തിലകൻ, ഷിബു എന്നിവർ ചേർന്ന് വാഴ നാട്ട് പ്രതിഷേധിച്ചത്. ഇന്ന് വൈകിട്ട് നാലോടെ തൃശൂർ കുന്നംകുളം റോഡിലെ മരണക്കുഴികൾ അടയ്ക്കാതെ മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുണ്ടൂർ സെന്ററിലെ മരണക്കുഴിയിൽ റീത്ത് സമർപ്പിച്ച് കേരള യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. തൃശൂർ കുന്നംകുളം സംസ്ഥാനപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ബി.എം.എസ് മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ 22ന് ഏകദിന നിരാഹാര സമരം പ്രഖ്യാപിച്ചു. സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ രാവിലെ പത്ത് മുതലാണ് നിരാഹാര സത്യഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |