കുന്നംകുളം: പട്ടാമ്പി റോഡിൽ അജ്മൽ ബിസ്മിക്ക് സമീപം ലോറിക്ക് പിറകിൽ സ്വകാര്യബസിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രികരായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഗുരുവായൂർ പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. റോഡിലെ കുഴികണ്ട് ലോറിക്ക് മുൻപിൽ പോകുകയായിരുന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് ബൈക്ക് വെട്ടിച്ചതോടെ പിറകിൽ പോകുകയായിരുന്ന ലോറി ദ്രുതഗതിയിൽ ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതോടെ പിറകിലെത്തിയ സ്വകാര്യ ബസ് ലോറിക്ക് പിറകിൽ ഇടിച്ചു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം പൂർണമായും തകർന്നു. ലോറിക്കും കേടുപാടുണ്ടായി. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |