മാള: ചൈനീസ് കാബേജ്, ബ്രോക്കോളി, വയലറ്റ് കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ ശീതകാല പച്ചക്കറികൾക്ക് ഇനി ഹൈറേഞ്ചിൽ പോയി പണം ചെലവഴിക്കേണ്ട. കോൾക്കുന്നിലെ കൈലാൻ ചന്ദ്രന്റെ തോട്ടം ഇതിനകം തന്നെ ഫാം ഫ്രഷ് പച്ചക്കറികളാൽ ജനപ്രിയമാകുകയാണ്. റിലയൻസ്, ലുലു തുടങ്ങിയ മുൻനിര സൂപ്പർമാർക്കറ്റുകളിൽ മാത്രം ലഭ്യമായ പച്ചക്കറികൾ ഇപ്പോൾ തോട്ടത്തിൽ നേരിട്ട് ലഭ്യമാക്കിയാണ് ചന്ദ്രൻ ശ്രദ്ധേയനാകുന്നത്. കൈലാൻ ചന്ദ്രൻ കോൾകുന്നിൽ അര ഏക്കർ സ്ഥലത്ത് വയലറ്റ് കാബേജ്, ചൈനീസ് കാബേജ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ വിജയകരമായി കൃഷി ചെയ്യുന്നു. പലരും നമ്മുടെ നാട്ടിൽ ശീതകാല പച്ചക്കറികളിൽ നിന്നും വിളവ് കിട്ടുമോ... എന്ന് സംശയിച്ചിട്ടും തന്റെ ശ്രമത്തിലൂടെയും കൃഷി ഓഫീസർ എ.റുബീനയുടെ ഉപദേശങ്ങളും സ്വീകരിച്ച് ചന്ദ്രൻ ശീതകാല പച്ചക്കറികൾ വിളയിച്ച് അതിനു മറുപടി നൽകി.
നവംബർ, ഡിസംബർ മാസങ്ങളിലാണ് ശീതകാല പച്ചക്കറികൾക്കായുള്ള കൃഷി ആരംഭിക്കുന്നത്. ആദ്യം ട്രാക്ടർ ഉപയോഗിച്ച് മണ്ണ് പരുവപ്പെടുത്തി ഒരു സെന്റിന് ഒന്ന് മുതൽ രണ്ട് കിലോ വരെ കുമ്മായം ചേർത്ത് മണ്ണിന്റെ പി.എച്ച് നില ഉറപ്പാക്കുന്നു. ഒരാഴ്ച സമയത്തിന് ശേഷം കോഴിക്കാഷ്ടം അടിവളമായി ചേർത്ത് മണ്ണിനെ കൂടുതൽ പുഷ്ടിയുള്ളതാക്കി വാരം ഉണ്ടാക്കി
15 ദിവസം പ്രായമുള്ള ചെടികൾ 50 സെന്റിമീറ്റർ അകലത്തിൽ നടുന്നു. ഫാറ്റം ഫോസ്, പൊട്ടാഷ്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേർത്ത് ചെടിയുടെ ചുറ്റിലും മണ്ണിട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ഇത് ആവർത്തിക്കുന്നു. 45 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ എന്നിവയുടെ വിളവെടുപ്പ് പൂർത്തിയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |