ചേർപ്പ്: ഒരേ കളറിലുള്ള ബാഗും കുടയും ചെരുപ്പും ഡ്രസുമായി സ്‌കൂൾ പ്രവേശനത്തിനൊരുങ്ങി സഹോദരങ്ങളായ മൂവർ സംഘം. ജനനത്തിൽ ഒരു മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിലും ചേട്ടനായ ആദർശ് കൃഷ്ണയുടെ നേതൃത്വത്തിലാണ് സഹോദരങ്ങളായ അകർഷ് കൃഷ്ണയും ആയുഷ് കൃഷ്ണയും ഇന്ന് ചേർപ്പ് ഊരകം എൽ.എൽ.പി സ്‌കൂളിലെത്തുന്നത്. എൽ.കെ.ജിയും യു.കെ.ജിയും ഇതേ സ്‌കൂളിലായിരുന്നു.
പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂളിലെ മിന്നും താരങ്ങളാകും ഇവർ. സ്‌കൂളിനടുത്ത് ഊരകം നിവേദ്യത്തിൽ അനൂജിന്റെയും ശ്രുതിയുടെയും മക്കളാണ് മൂന്നു പേരും. അനൂജ് വിദേശത്താണ്. ഇന്ന് രാവിലെ അമ്മയുടെ കൈപിടിച്ച് മൂന്നു പേരും സ്‌കൂളിലേക്ക് യാത്രയാകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് അമ്മ ശ്രുതി പറയുന്നു. വിദേശത്തുള്ള അച്ഛന്റെ സ്‌നേഹാന്വേഷണങ്ങളും ഇടയ്ക്കിടെ എത്തുന്നുണ്ട്. മൂന്നു പേരും വാശിക്കുടുക്കകളാണെന്നതാണ് ശ്രുതിയെ ടെൻഷനാക്കുന്നത്. വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് മാത്രം നടക്കാനുള്ള ദൂരമാണ് സ്‌കൂളിലേക്കുള്ളത്.
മൂന്നു പേർക്കും നല്ല സ്‌നേഹമാണ്. എൽ.കെ.ജിയും യു.കെ.ജിയും ഇതേ സ്‌കൂളിൽ തന്നെ ആയിരുന്നെങ്കിലും ഒന്നാം ക്ലാസിലേക്ക് പോകുമ്പോഴുണ്ടാകുന്ന ടെൻഷൻ വേറെയാണ്. ഒരാളെടുത്ത സാധനം മറ്റു രണ്ടു പേർക്കും വേണം. രാവിലെ മുതൽ രാത്രി വരെ ഇവർക്കൊപ്പം തന്നെ വേണമെന്ന് നിർബന്ധമാണ്.
- ശ്രുതി (കുട്ടികളുടെ അമ്മ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |