തൃശൂർ: ഒരു കാലത്ത് വോളിബാളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെട്ടിരുന്ന തീരമേഖലയിലെ ഒരു പഞ്ചായത്തിനെ വോളിബാൾ ഗ്രാമമായി പ്രഖ്യാപിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് നാല് കായികാദ്ധ്യാപകർ. വോളിബാൾ കോച്ചുമാരായ പി.സി.രവി, പ്രൊഫ.വി.കെ.സരസ്വതി, സി.കെ.മധു, ടി.വി.മണികണ്ഠലാൽ എന്നിവരുടെ നേതൃത്വത്തിലാണ് വോളിബാളിന്റെ ഉയർത്തെഴുന്നേൽപ്പിന് കളത്തിലിറങ്ങിയിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും എല്ലാ ക്ലബ്ബുകളിലും വോളിബാൾ ടീമെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ട പ്രവർത്തനം. ഓരോ കാറ്റഗറി അനുസരിച്ച് ടീമുകളെ ഒരുക്കി അവരെ മത്സരങ്ങൾക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദേശീയ റഫറി പാനലിലുള്ള സി.കെ.മധുവും മണികണ്ഠലാലും തങ്ങളുടെ പരിചയസമ്പത്തും രാജ്യത്തെ പ്രമുഖ കളിക്കാരുമായുള്ള പരിചയവും ഉയോഗപ്പെടുത്തി ആദ്യഘട്ടമെന്ന നിലയിൽ എടത്തിരുത്തി പഞ്ചായത്തിനെ വോളിബാൾ ഗ്രാമമാക്കി പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്. വോളിബാൾ ടീമുകളില്ലാത്ത എല്ലാ യു.പി, ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പരിശീലനത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. യു.പി മുതലാണ് പരിശീലനത്തിന് പ്രധാനമായും തുടക്കമിടുക. ഇതിനകം പരിശീലനം അമ്പത് ദിവസം പിന്നിട്ടു.
ഒരു പഞ്ചായത്തിൽ അഞ്ഞൂറോളം പേർ
ക്യാമ്പുകളിൽ അഞ്ഞൂറോളം പേരാണ് പങ്കെടുക്കുന്നത്. നൂറോളം പെൺകുട്ടികളുമുണ്ട്. ഇവർക്ക് പുറമേ നാല് സഹപരിശീലകരും യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ പ്രവർത്തിക്കുന്നു. സഹപരിശീലകർക്ക് കേരള ടീമിന്റെ പരിശീലകനായ സഞ്ജയ്ബാലിഗയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ശേഷമായിരുന്നു കുട്ടികൾക്ക് പരിശീലനം. എല്ലാ സ്‌കൂളുകൾക്കും ക്ലബ്ബുകൾക്കും ആവശ്യമായ സ്‌പോർട്‌സ് ഉപകരണങ്ങളും ജഴ്‌സികളും മറ്റും ഇവർ തന്നെ ഒരുക്കുന്നു. ഇതിന് മുൻ കായിക താരങ്ങളുടെ സഹായവുമുണ്ട്. എടത്തിരുത്തി പഞ്ചായത്തിനെ പൂർണ വോളിബാൾ ഗ്രാമമാക്കിയ ശേഷം കയ്പമംഗലം മണ്ഡലത്തെയും മത്സരങ്ങൾക്ക് ഒരുക്കും. തുടർന്ന് കോട്ടപ്പുറം മുതൽ ചേറ്റുവ വരെ നീളുന്ന നാട്ടിക ഫർക്ക വരെ ഉൾപ്പെടുത്തിയുള്ള മേഖലകളിൽ പ്രവർത്തിക്കും. എല്ലാ ദിവസവും രണ്ട് മണിക്കൂർ നേരമാണ് പരിശീലനം.
കൊവിഡിന് മുമ്പാണ് ഈ ആശയം ഉയർന്നുവന്നത്. എന്നാൽ കൊവിഡ് വില്ലനായതോടെ ഉപേക്ഷിച്ചു. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിലേക്ക് കടന്നുവരാൻ വയസ് ഒരു പ്രശ്‌നം അല്ല.പി.സി.രവി, കായികാദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |