ചെറുതുരുത്തി: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. 11 മുതൽ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിർപ്പിനെ തുടർന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തൽ. ഇത് സംബന്ധിച്ച് മേയ് 16ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. മേയ് 2 മുതൽ ടിക്കറ്റുകളുടെ വില ഏകീകരിച്ച് 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയിൽ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉൾപ്പെടുത്തി. എന്നാൽ, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങൾ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങൾ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വൻ പ്രതിഷേധത്തിന് ഇടയാക്കി. ഏജന്റുമാരുടെ കൈകളിലും ഭാഗ്യക്കുറി ഓഫീസുകളിലും 50 രൂപയുടെ സമ്മാന ടിക്കറ്റുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കമ്പ്യൂട്ടറിൽ സ്‌കാൻ ചെയ്ത് കയറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു കാരണം.
50 രൂപയുടെ സമ്മാനം എടുത്തുകളഞ്ഞു
2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്തിയാണ് പരിഷ്‌കരണം. 50 രൂപയുടെ സമ്മാനം എടുത്തു കളഞ്ഞു. 5000 രൂപയുടെ 20 സമ്മാനങ്ങൾ, 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 എന്നിങ്ങനെയാണ് പുതിയ പരിഷ്‌കരണം.
എന്നാൽ, മുമ്പ് 40 രൂപ ടിക്കറ്റ് വില ഉണ്ടായിരുന്നപ്പോൾ ബുധനാഴ്ചകളിൽ മാത്രം നറുക്കെടുത്തിരുന്ന 50 രൂപ ടിക്കറ്റായിരുന്ന ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പിൽ 5000 രൂപയുടെ 23 എണ്ണവും 2000 രൂപയുടെ 12 എണ്ണവും ഉണ്ടായിരുന്നുവെന്നും ഇത് നിലനിർത്തണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെയും വില്പനക്കാരുടെയും ആവശ്യം.
ടിക്കറ്റുകൾ ബാക്കിയാകുന്നു
പുതിയ പരിഷ്‌കരണത്തിലൂടെ നറുക്കെടുപ്പിൽ ഒരു മണിക്കൂർ ലാഭിക്കാൻ കഴിയുമെന്നാണ് ലോട്ടറി വകുപ്പ് കണക്കുകൂട്ടുന്നത്. മുമ്പ് 40 രൂപയുടെ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നതെങ്കിൽ ഇപ്പോൾ 96 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് അച്ചടിക്കുന്നത്. എന്നിട്ടും ടിക്കറ്റുകൾ ബാക്കിയാകുകയാണ്. ഈ സാഹചര്യത്തിലാണ് സമ്മാനഘടന വീണ്ടും പരിഷ്‌കരിക്കാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്. ആകെ 3,95,294 സമ്മാനങ്ങളാണ് പരിഷ്‌കരിച്ച ടിക്കറ്റിൽ ഉള്ളത്. 24.35 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്ന സമ്മാനത്തുക. 3.4 കോടി രൂപയാണ് ഏജന്റ് കമ്മീഷൻ ഇനത്തിൽ വിതരണം ചെയ്യുന്നത്.
പരിഷ്‌കരിച്ച സമ്മാനഘടന.
കേരളകൗമുദി യേ് 16ന് പ്രസിദ്ധീകരിച്ച വാർത്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |