തൃശൂർ: മഴ വീണ്ടും ശക്തമായതോടെ കോൾ മേഖലയിൽ ഒഴുക്കിനെ തടസപ്പെടുത്തി കനാലിലും തോട്ടിലും പുല്ലുകളും കുളവാഴകളും നിറയുന്നു. പുള്ള്, മനക്കൊടി, ആലപ്പാട്, ചേറ്റുപുഴ മേഖലകളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കനാലുകളിൽ കുളവാഴ നിറഞ്ഞുതുടങ്ങി. മാസങ്ങൾക്ക് മുമ്പ് മനക്കൊടി പുള്ള് റോഡിനോട് ചേർന്നുള്ള കനാലിലെ കുളവാഴകൾ നീക്കം ചെയ്‌തെങ്കിലും പല ഭാഗങ്ങളിലും വീണ്ടും നിറഞ്ഞു. 2022ൽ സി.സി.മുകുന്ദന്റെ പ്രാദേശിക വികസ ഫണ്ട് ഉപയോഗിച്ച് മനക്കൊടി കോൾപ്പാടത്ത് നിർമ്മിച്ച റെഗുലേറ്ററിനോട് ചേർന്നുള്ള തോട് വെള്ളം ഒഴുകി പോകാനാകാത്ത വിധം പുല്ല് നിറഞ്ഞ് കിടക്കുകയാണ്. 30.2 ലക്ഷം ചെലവഴിച്ചാണ് റെഗുലേറ്റർ സ്ഥാപിച്ചിരിക്കുന്നത്. ഈ ഭാഗത്ത് തോട്ടിലെ പുല്ല് റോഡിലേക്ക് വരെ നീണ്ടു.
ചേറ്റുപുഴയിലും കുളവാള
ചേറ്റുപുഴയിലെ കനാലിലും കുളവാഴകൾ നിറഞ്ഞു. മഴ പെയ്താൽ നഗരപ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും ഒഴുകിയെത്തുന്നത് ചേറ്റുപുഴ വഴി, ഏനാമാവ് വഴി കടലിലേക്കാണ്. മുൻ വർഷങ്ങളിൽ കുളവാഴകളും മറ്റും നിറഞ്ഞ് കർഷകർക്ക് കൃഷിയിറക്കാൻ പോലും സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
പാലം നിർമ്മാണം മന്ദഗതിയിൽ
മനക്കൊടി പുള്ള് റോഡിൽ മനക്കോടി പാടത്ത് മോട്ടോർ ഷെഡിനോട് ചേർന്ന് നിർമ്മിക്കുന്ന പാലം നിർമ്മാണം മന്ദഗതിയിലായതോടെ യാത്രക്കാർ ഏറെ ദുരിതത്തിൽ. കനാലിനോട് ചേർന്നുള്ള ബണ്ടിലൂടെ താത്കാലിക യാത്രാസൗകര്യം ഒരുക്കിയെങ്കിലും മഴ ശക്തമായതോടെ ഇതുവരെ ബൈക്കുകൾക്ക് പോലും പോകാനാകാത്ത അവസ്ഥയാണ്.
മഴ ശക്തം
ജില്ലയിൽ വീണ്ടും മഴ ശക്തം. ഇന്നലെ രാവിലെ മുതൽ ശക്തമായ മഴയാണ് പല ഭാഗങ്ങളിലും ലഭിച്ചത്. കഴിഞ്ഞദിവസം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വാഴാനി ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നിരുന്നു. പൂമല ഡാമിന്റെ രണ്ട് ഷട്ടറും തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |