തൃശൂർ: പ്രൊഫഷണൽ നാടകങ്ങൾക്കും അമേച്വർ നാടകങ്ങൾക്കും വേദികൾ ചുരുങ്ങുമ്പോൾ, പകലന്തിയോളം പണിയെടുത്ത് രാത്രിയിൽ റിഹേഴ്‌സൽ നടത്തി നാടകം അരങ്ങിലെത്തിച്ചതിന്റെ സംതൃപ്തിയിലാണ് തൃപ്രയാർ കിഴക്കേ നടയിൽ പൈനൂർ രാജവീഥിയിലെ നാടകപ്രേമികൾ. അഭിനേതാക്കളിൽ ഭൂരിഭാഗം പേരും അതാത് ദിവസത്തെ അന്നത്തിനായി പാടുപെടുന്നവരാണ്. ശ്രീമൂലനഗരം മോഹൻ രചന നിർവഹിച്ച 'മോക്ഷം' എന്ന നാടകമാണ് രണ്ടുമാസത്തെ കഠിന പ്രയത്‌നത്തിനൊടുവിൽ അരങ്ങിലെത്തിച്ചത്.
എല്ലാ ദിവസവും രാത്രിയിലായിരുന്നു റിഹേഴ്‌സൽ. അവസാനനാളിൽ മാത്രമായിരുന്നു പ്രൊഫഷണൽ രീതിയിലുള്ള പരിശീലനം.
ഒരോ നാടകങ്ങളും അരങ്ങിലെത്താൻ ലക്ഷങ്ങൾ ചെലവുവരുമ്പോൾ തങ്ങളുടെ അദ്ധ്വാനത്തിൽ നിന്ന് ഒരു പങ്ക് നീക്കിവച്ചാണ് ഈ നാട്ടുകലാകാരകൂട്ടം നാടകം അരങ്ങിലെത്തിച്ചത്. പ്രൊഫഷണൽ നാടകസംഘമല്ലാതിരുന്നിട്ടും ആദ്യ അവതരണം തന്നെ കൈയടി നേടി. പിന്നീട് രണ്ട് വേദികൾ ലഭിച്ചെങ്കിലും ഒരെണ്ണം മഴ മൂലം കളിക്കാനായില്ല. പ്രദേശവാസിയും കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി നാടക രംഗത്ത് പ്രവർത്തിക്കുന്നയാളുമായ തൃപ്രയാർ സുരേന്ദ്രബാബുവാണ് സംവിധായകൻ. കലാവേദി അംഗമായ പി.എൻ.തിലകനാണ് സഹസംവിധാനം നിർവഹിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോക്ഷമടക്കം നാല് നാടകങ്ങളാണ് അരങ്ങിലെത്തിച്ചത്. വേലി, അമർഷം, മണ്ണ് എന്നിവയായിരുന്നു മറ്റ് നാടകങ്ങൾ. എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് സുരേന്ദ്ര ബാബുവായിരുന്നു.
ലഹരിക്കെതിരെയുള്ള സന്ദേശം
കുടുംബജീവിതങ്ങളിലെ മൂല്യച്യുതി തുറന്ന് കാട്ടാനും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കും സ്ത്രീ പീഡനങ്ങൾക്കുമെതിരെയുള്ള സന്ദേശമെന്ന രീതിയിലുമാണ് മോക്ഷം എന്ന നാടകം അരങ്ങിലെത്തിച്ചത്. പഞ്ചായത്ത് ലൈബ്രറേറിയൻ, പി.എസ്.അശോകൻ, പൊതുപ്രവർത്തകനായ എൻ.എ.പീതാംബരൻ, മുൻ എസ്.ഐ പി.എൻ.പ്രദീപ്, ആർട്ടിസ്റ്റ് പി.സി.വത്സൻ, ഓട്ടോഡ്രൈവറായ വി.ഐ.അബൂബക്കർ, ഷനിൽകുമാർ, നാടകപ്രവർത്തകൻ താന്ന്യം ജോർജ്, ബിന്ദു അന്തിക്കാട്, നൂർജഹാൻ എന്നിവരാണ് അഭിനേതാക്കൾ.
എല്ലാ വർഷവും ഓരോ നാടകങ്ങൾ അരങ്ങിലെത്തിക്കണമെന്നാണ് ആഗ്രഹം. ഇതിനകം പത്ത് വർഷത്തിനുള്ളിൽ നാല് നാടകങ്ങൾ അവതരിപ്പിച്ചു
-പി.എസ്.അശോകൻ
സമിതി ഭാരവാഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |