തൃശൂർ: ശക്തൻ സ്റ്റാൻഡിലെ പാർക്കിംഗ് ഫീസിനെ ചൊല്ലി തർക്കം. സർവീസ് നിർത്തിവച്ച് സ്വകാര്യ ബസുടമകളുടെ പ്രതിഷേധം. നട്ടംതിരിഞ്ഞ് യാത്രക്കാർ. ഇന്നലെ രാവിലെയാണ് വിദ്യാർത്ഥികൾ, ജോലിക്ക് പോകുന്നവർ ഉൾപ്പെടെ ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന സമയത്ത് ശക്തൻ സ്റ്റാൻഡിൽ പാർക്കിംഗ് ഫീസിനെ ചൊല്ലി തർക്കവും മിന്നൽ സമരവും ഉടലെടുത്തത്. നേരത്തെ 25 രൂപയായിരുന്നു ഫീസ്. ഇത് 40 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ബസുടമകൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല. തുടർന്ന് തിരുവനന്തപുരം ട്രിബ്യുണൽ കോടതിയിൽ ഹർജി നൽകിയിരുന്നു.
തുടർന്ന് സ്വകാര്യ ബസുകാരുടെ ഹിയറിംഗ് പൂർത്തിയാക്കിയിരുന്നു. കോർപറേഷനുമായി ചർച്ച ആഗസ്റ്റ് ഏഴിന് തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് വർദ്ധിപ്പിച്ച ഫീസ് കുടിശിക സഹിതം നൽകണമെന്നാവശ്യപ്പെട്ട് പൊലീസും കോർപറേഷൻ അധികൃതരും കോൺട്രാക്ടറും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയത്. ഇതോടെ ബസ് ജീവനക്കാരുമായി തർക്കമാകുകയായിരുന്നു.
കുന്നംകുളം , ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട് മേഖലകളിലേക്കുള്ള ബസുകൾ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. ബസുകൾ പിടിച്ചെടുക്കാനുള്ള നടപടിയെ തുടർന്ന് ബസ് കോർഡിനേഷൻ കമ്മിറ്റി ഇടപ്പെട്ടതിനെ തുടർന്നാണ് ഉച്ചയോടെ സർവീസ് പുനരംഭിച്ചത്. അതേസമയം, ശക്തൻ സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കോർപറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്റ്റാൻഡിന്റെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്തുവന്ന നിലയിലാണ്.
വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ട്; പിന്തുണയുമായി ജില്ലാ കളക്ടർ
കൺസഷനുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരിൽ നിന്ന് വിദ്യാർത്ഥികൾക്ക് ദുരനുഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മകളടക്കം വിദ്യാർത്ഥികളുടെ യാത്രാദുരിതം ചൂണ്ടിക്കാണിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ പിതാവ് കളക്ടർക്ക് സങ്കട ഹർജി നൽകിയിരുന്നു. വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിടുക, അപമാനിക്കുക, മോശമായി പെരുമാറുക തുടങ്ങിയ പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടികൾ സ്വീകരിക്കും, നിരന്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. യാത്രാവേളകളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഒരു മടിയും കൂടാതെ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കാവുന്നതാണ്:
പൊലീസ് കൺട്രോൾ റൂം 112.
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്
0487 235 7008.
ആർ.ടി.ഒ (വാട്ട്‌സ്ആപ്പ് മാത്രം) 9188 963 108.
റൂറൽ എസ്.പി ഓഫീസ് 0480 222 4000.
സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് 0487 242 3511.
വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യബസ് പിടിച്ചെടുത്തു
തൃശൂർ: വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ വിദ്യാർത്ഥികളെ കയറ്റാതെ പോയ വരാക്കര റൂട്ടിൽ ഓടുന്ന ബസ് പിടിച്ചെടുത്തു. ഒല്ലൂരിൽവച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.ബിജു, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.വിബിൻ, സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പകുതി കുട്ടികളെ കയറ്റിയ ശേഷം ബസ് മൂന്നോട്ട് എടുക്കുക ആയിരുന്നു. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് ബസ് പിടികൂടുകയായിരുന്നു. ബസിന്റെ കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. നേരത്തെ ഫിറ്റ്നസ് ഇല്ലാതെ ഓടിയതിനു പിഴ അടപ്പിച്ച ബസാണ്. ഇന്നലത്തെ നടപടിയിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് എം.വി.ഡി പറഞ്ഞു. ഇതിനിടെ ഇന്നലെ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തത്തിൽ നിരവധി പരാതിയാണ് ജില്ലാ കളക്ടർ പുറത്ത് വിട്ട ഗൂഗിൾ ഫോമിലൂടെ ലഭിച്ചത്. ഇത് മോട്ടോർ വാഹന വകുപ്പിന് കൈമാറി.
പൊലീസിനോടും, മോട്ടോർ വാഹനവാഹനവകുപ്പിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
-അർജുൻ പാണ്ഡ്യൻ,
ജില്ലാ കളക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |