ചാലക്കുടി: പുലിയുടെ വായിൽ നിന്ന് നാല് വയസുകാരൻ രക്ഷപ്പെട്ട മലക്കപ്പാറ വീരാൻകുടി ആദിവാസി ഉന്നതിയിൽ നിന്ന് അഞ്ച് കുടുംബങ്ങളെ കൂടി സുരക്ഷയുടെ ഭാഗമായി മലക്കപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. നേരത്തെ രണ്ട് വീട്ടുകാർ മലക്കപ്പാററോഡിന് സമീപത്തെ കടമറ്റത്തേക്ക് മാറിയിരുന്നു. ബാക്കിയുള്ള അഞ്ച് കുടുംബങ്ങളാണ് താമസം മാറില്ലെന്ന് ശഠിച്ചത്. ഇതിൽ ബേബിയെന്ന ആളുടെ മകനാണ് പുലിയുടെ വായിൽ നിന്ന് രക്ഷപ്പെട്ടത്.
ചാലക്കുടി തഹസിദാർ കെ.എ. ജേക്കബ്ബിന്റെ നേതൃത്വത്തിലായിരുന്നു വീട്ടുകാരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. പിന്നീട് ഇവരെ മലക്കപ്പാറ തേയില എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിപ്പിക്കാനാണ് തീരുമാനിച്ചത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശമാണ് വീരാൻകുടി ഉന്നതി. അകലെയുള്ള അരേയ്ക്കാപ്പ്, കടമട്ടം എന്നീ ഉന്നതികളിലെ കൂടി 39 കുടുംബങ്ങളെയാണ് കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് വനഭൂമിയിൽ എത്തിക്കാൻ കളക്ടർ നിർദ്ദേശിച്ചതും റവന്യൂ, ട്രൈബൽ ഉദ്യോഗസ്ഥർ ഇതിനായി ശ്രമങ്ങൾ തുടങ്ങിയതും.
എന്നാൽ ചാലക്കുടി ഡി.എഫ്.ഒ നിയമ തടസം ഉന്നയിച്ചതോടെ ഇതിനകം മാരാങ്കോട് എത്തിയ ഏതാനും ആദിവാസി കുടുംബങ്ങൾ തിരികെപോകേണ്ടി വന്നു. ഉന്നതിമാറ്റത്തിന്റെ തീരുമാനം വന്നതോടെ വീരാൻകുടിയിലെ കുടിലുകളിൽ ഇത്തവണ അറ്റകുറ്റ പണികൾ നടത്തിയില്ല. പനമ്പ് മറച്ച് കൂരയിൽ താമസിച്ചിരുന്ന ഇതിലെ ഒരു വീട്ടിലെത്തിയാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്.
പുലിയെനേരിൽ കണ്ട് തഹസിൽദാരും സംഘവും
ആദിവാസി കുടുംബങ്ങളെ താത്കാലികമായി പുനരധിവസിപ്പിക്കാനെത്തിയ തഹസിൽദാർ കെ.എ. ജേക്കബ്ബും ഉദ്യോഗസ്ഥരും പുലിയെ തൊട്ടടുത്ത് കണ്ടു. കപ്പായത്തിനും കടമട്ടത്തിനും ഇടയിൽ ശനിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു പുലിയെത്തിയത്. ആൾക്കൂട്ടത്തെ കണ്ടിട്ടും പോകാതിരുന്നതിനാൽ പ്രായമുള്ള കടുവായാണെന്ന് വനപാലകരുടെ സംശയം. ചാലക്കുടിയിലേക്ക് തിരിച്ചുവന്ന തഹസിൽദാരുടെ വാഹനംഷോളയാറിൽ കാട്ടാന അക്രമിച്ചിരുന്നു. രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുണ്ടായിരുന്നു. ഇതിൽ പിന്നിലുണ്ടായിരുന്ന തഹസിൽദാരുടെ ജീപ്പാണ് ആന പിന്നിൽ നിന്ന് പൊക്കി ഉയർത്തിയത്. ഉടൻ ആന ഓടിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |