തൃശൂർ: തൊഴിലുടമകൾക്കും ജീവനക്കാർക്കും സാമൂഹ്യ സുരക്ഷാ പരിരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ.എസ്.ഐ രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതായി റീജ്യണൽ ഡയറക്ടർ എസ്.ശങ്കർ അറിയിച്ചു. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഇ.എസ്.ഐ ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള സ്‌കീം ഫോർ പ്രമോഷൻ ഒഫ് രജിസ്‌ട്രേഷൻ ഒഫ് എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ്(സ്പ്രീ) പദ്ധതിയും വർഷങ്ങളായി നിയമകുരുക്കിൽ കിടക്കുന്ന കേസുകൾക്ക് ഒറ്റത്തവണയായി പരിഹാരം കാണാനുമുള്ള ആംനസ്റ്റി പദ്ധതിയുമാണ് നടപ്പാക്കുന്നത്. സ്പ്രീ പദ്ധതി ജൂലൈ ഒന്നിന് ആരംഭിച്ചു. ഡിസംബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾക്കും തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാം. യാതൊരു പരിശോധനകളോ മുൻകാല കുടിശികകളോ ഉണ്ടാകില്ല. തൊഴിലുടമകൾക്ക് ഇ.എസ്.ഐ.സി, ശ്രം സുവിധ, എം.സി.എ പോർട്ടലുകൾ വഴി ഡിജിറ്റലായി രജിസ്റ്റർ ചെയ്യാം. ഇ.എസ്.ഐ നിയമം ബാധകമായ പത്തോ അതിലധികമോ ജീവനക്കാരുള്ള ഫാക്ടറികൾ, കടകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, പത്രസ്ഥാപനങ്ങൾ, സ്വകാര്യ മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ കരാർ, താത്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇത് ഗുണകരമാകും. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോടതി കേസുകൾ ഒറ്റത്തവണയായി ഒക്്‌ടോബർ ഒന്ന് മുതൽ 2026 സെപ്റ്റംബർ 30 വരെ സ്പ്രീ പദ്ധതി വഴി തീർപ്പാക്കാം. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജി. മേരി സുലക്ഷണ, അസിസ്റ്റന്റ് ഡയറക്ടർ എ. ഹരീഷ്‌കുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |