ചാലക്കുടി: സ്‌കൂൾ അദ്ധ്യാപികയും ശിഷ്യഗണങ്ങളും ഒന്നിച്ച് പഠിതാക്കൾ, ഒപ്പം കേൾവിയും സംസാര ശേഷിയുമില്ലാത്ത പെൺകുട്ടിയും,ഓണം കളിയിൽ വ്യത്യസ്തമായ ചുവടുകളിൽ കൈയും മെയ്യും മറന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അന്ത്രയ്ക്കാംപാടത്തെ പെൺ കൂട്ടായ്മ.
ആറു വയസുകാരികൾ മുതൽ അടങ്ങുന്ന നാൽപതോളം പേരാണ് കഴിഞ്ഞ മൂന്നുമാസമായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ശിവനാദം ചാലക്കുടി എന്ന പേരിൽ അന്ത്രയ്ക്കാംപാടത്ത് രൂപീകരിച്ചതാണ് പുതിയ ഓണംകളി ടീം. പൊതു പ്രവർത്തകരായ സി.എസ്.സുമേഷും സുഷിനും ചേർന്നാണ് പ്രദേശത്തെ സാധാരണക്കാരായ യുവതികളെ ഓണം കളിയുടെ കളത്തിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തത്. കൊന്നക്കുഴിയിലെ ബിജുവും ഇവർക്കൊപ്പം കൈക്കോർത്തു. പ്രശസ്ത ഓണം കളിക്കാരനായ വിനയൻ നെല്ലായി ആശാനുമായെത്തി. നാലോ അഞ്ചോ പേരൊഴിച്ചാൽ ബാക്കിയെല്ലാവരും കളത്തിലെ പുതുമുഖങ്ങളാണ്. ആറു വയസായ ആഷിയയും അനന്തിതയും ഒന്നാന്തരം കളിക്കാരായി മാറി. ജന്മനാ കേൾവിയും സംസാരവും ഇല്ലാത്ത ബി.എ ബിരുദധാരിയായ അനന്യയും ഇതിനകം കളി നോക്കി പഠിച്ചു. ഇപ്പോൾ കമ്പ്യൂട്ടർ പഠനത്തിൽ പരിശീലിക്കുന്ന തൂമ്പാക്കോടുള്ള അനന്യ ഓണം കളിയിലും തന്റെ കഴിവ് പ്രകടപ്പിക്കുന്നുണ്ടെന്ന് ഒപ്പമുള്ളവർ പറയുന്നു. കൊന്നക്കുഴി ഗവ.എൽ. പി സ്‌കൂൾ അദ്ധ്യാപിക പ്രീത മനോഹരനാണ് മറ്റൊരു ഓണം കളി വിദ്യാർത്ഥി. ഒപ്പമുള്ള അനഘ,അക്ഷര ,ശ്രീനന്ദ ,അനാമിക,അനശ്വര തുടങ്ങിയ കുട്ടികൾ പ്രീന ടീച്ചറുടെ ശിഷ്യഗണങ്ങളും. ഇതാദ്യമായി ഒരു ഓണം കളി സംഘം കോർത്തിണക്കിയതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |