വടക്കാഞ്ചേരി : കെട്ടിടത്തിനുള്ളിൽ യന്ത്രമുപയോഗിച്ച് ഞാറ്റടി നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയുമായി വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി. മണ്ണ് ഒഴിവാക്കി ചകിരി, വെർമി കമ്പോസ്റ്റുകളിൽ യന്ത്രമുപയോഗിച്ച് ട്രേയിലാണ് ഞാറ്റടി തയ്യാറാക്കുക.
കാട്ടുപന്നി, മയിൽ തുടങ്ങിയവയുടെ ആക്രമണത്തിൽ പലപ്പോഴും ഞാറ്റടി സംരക്ഷിച്ച് നടീൽ പൂർത്തിയാക്കുകയെന്ന വെല്ലുവിളി ഇതോടെ അതിജീവിക്കാം. ഒരേക്കറിന് 32 കിലോ വിത്ത് വേണ്ട സമയത്ത് 10-15 കിലോ വിത്തേ ഈ രീതിയിൽ വേണ്ടി വരൂ. ഒരേക്കർ സ്ഥലത്തേക്കുള്ള ഞാറ്റടി തയ്യാറാക്കാൻ 160 അടി നീളവും 80 അടി വീതിയുമുള്ള ഇടം മാത്രം മതിയാകും. പൂർണമായും ജൈവരീതിയിൽ തയ്യാറാക്കുന്ന ഞാറ്റടിയിലൂടെ പാടശേഖരത്തിലെ മണ്ണിനെ തിരിച്ചുപിടിക്കാനാകും. യന്ത്രമില്ലാതെയും കെട്ടിടത്തിനുള്ളിൽ ഇത്തരം ഞാറ്റടി തയ്യാറാക്കാം.
പൂർണമായും ജലസേചനത്തിനും യന്ത്രവത്കൃത മാർഗ്ഗങ്ങളാണ് ഇതിൽ ഉപയോഗിക്കുക. മണിക്കൂറിൽ 800 ട്രേയിൽ വിത്തിടാവുന്ന യന്ത്ര സംവിധാനമാണ് ഗ്രീൻ ആർമിക്കുള്ളത്. ഒരേക്കറിൽ 70 മുതൽ 80 ട്രേ വരെയാണ് നടാനായി ഉപയോഗിക്കുക. യന്ത്രനടീലിന് ഉപയോഗിക്കുന്നത് പോലെ കൈ നടീലിനും ട്രേ ഞാറ്റടിയിൽ തയ്യാറാക്കുന്ന ഞാറുകൾ ഉപയോഗിക്കാം. കാർഷികസർവകലാശാലയിലെ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷന്റെ സഹായത്തോടെയാണ് തയ്യാറാക്കൽ. കർഷകർക്ക് ഹെക്ടറിന് 8 - 10 ടൺ വരെ വിളവ് ഉറപ്പാക്കാനാകും. വിത്തെടുത്ത് ഞാറ്റടി തയ്യാറാക്കുന്ന രീതിയാണ് ഗ്രീൻ ആർമി ഇപ്പോൾ അവലംബിക്കുന്നത്. ഞാറ്റടി ട്രേ ഒന്നിന് 60 രൂപയാണ് ഈടാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |