തൃശൂർ: മുണ്ടകൻ കൃഷിക്കുള്ള ഒരുക്കങ്ങൾ സജീവമാകുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കയിൽ കർഷകർ. ശക്തമായ മഴയും പിന്നാലെ കടുത്ത ചൂടും ഇടകലർന്ന് വരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ജില്ലയിൽ 30000 ഏക്കർ സ്ഥലത്താണ് മുണ്ടകൻ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. വരമ്പുകൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളും ട്രാക്ടർ, ട്രില്ലർ ഉപയോഗിച്ചുള്ള ഉഴുതുമറിക്കലുമാണ് നടക്കുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തിൽ യന്ത്രങ്ങൾ എത്തിച്ചാണ് പ്രവർത്തനം. എന്നാൽ വർഷം തോറും വാടക വർദ്ധനവ് കർഷകർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. മുണ്ടകൻ കൃഷിക്കാലത്താണ് വരമ്പുകൾ ചെളികൊണ്ട് ബലപ്പെടത്തേണ്ടത്. വയലിലെ വളക്കൂറുള്ള ചെളിമണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കുന്നതിനാണിത്.
ഒപ്പം കളകൾ ഇല്ലാതാക്കുകയും കീടബാധ തടയുകയും ചെയ്യും.
വിത്ത് ലഭിക്കുന്നില്ല
കൃഷിക്കായ് ആഗ്രഹിക്കുന്ന തരത്തിലുള്ള വിത്തുകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കർഷകർ. അതുകൊണ്ട് തന്നെ പ്രധാനമായും ഉമ വിത്താണ് ഭൂരിഭാഗം കർഷകരും ഉപയോഗിക്കുന്നത്. ഫെബ്രുവരി പകുതിയോടെ കൊയ്ത്തു തീരാവുന്ന തരത്തിലാണ് കൃഷി ഇറക്കുന്നത്.
നൽകാനുള്ളത് നാലു കോടി രൂപ
മൂന്നു ഘട്ടങ്ങളിലായി നടന്ന നെല്ല് സംഭരണത്തിൽ ജില്ലയിൽ കർഷകർക്ക് ലഭിക്കാനുള്ളത് നാല് കോടി പത്തു ലക്ഷം രൂപ. മേയ് 11 മുതൽ ജൂലായ് 31 വരെ രജിസ്റ്റർ ചെയ്ത 744 കർഷകർക്കാണ് തുക ലഭിക്കാനുള്ളത്. ഇവരിൽ നിന്ന് 1448 ടൺ നെല്ലാണ് സംഭരിച്ചിരുന്നത്. ഇവർക്ക് ബാങ്കുകളിൽ നിന്ന് പണം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ പാഠി ഓഫീസർ അറിയിച്ചു.
രജിസ്‌ട്രേഷൻ ആരംഭിച്ചു
അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. കണക്ക് പ്രകാരം കർഷകരാണ് രജിസ്റ്റർ ചെയ്തത്. നവംബർ വരെ രജിസ്റ്റർ ചെയ്യാം. ഇവരുടെ നെല്ലുമാത്രമാണ് സപ്ലൈകോ സംഭരിക്കുന്നത്.
ഒരോ വർഷം ചെല്ലുംതോറും കൂലി ചെലവിലെ വർദ്ധനവും രാസവളങ്ങളുടെ വിലക്കയറ്റവും മൂലം നെൽക്കർഷകർ പ്രതിസന്ധിയിലാണ്. ഇതിനിടയിൽ കാലാവസ്ഥ വ്യതിയാനം കൂടിയാകുമ്പോൾ പലപ്പോഴും ഇരുട്ടടിയാണ്.
കെ.കെ.കൊച്ചു മുഹമ്മദ്,
കോൾ കർഷക സംഘം ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |