തൃശൂർ: ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവ് തടഞ്ഞിട്ടും തകർന്ന റോഡ് നല്ല രീതിയിൽ ടാറിംഗ് നടത്താനോ അടിപ്പാതകളുടെ നിർമാണം വേഗത്തിലാക്കാനോ നടപടിയെടുക്കാതെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും. അടിപ്പാതകളുടെ നിർമാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയെ തുടർന്ന് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ടോൾ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയിൽ എത്തിയെങ്കിലും സമയം കളയാതെ റോഡ് നന്നാക്കാനായിരുന്നു ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചത്. കോടതികൾ എതിരായതോടെ തകർന്ന് കിടക്കുന്ന സർവീസ് റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയും ടാറിട്ടുമാണ് ഇപ്പോൾ ഗതാഗതക്കുരുക്ക് കുറച്ചത്.
റിപ്പോർട്ട് നൽകി കളക്ടർ
ദേശീയപാതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ടോൾ പിരിവ് തുടരാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടി കിട്ടിയത് കളക്ടറുടെ സത്യസന്ധമായ റിപ്പോർട്ടിനെ തുടർന്നാണ്. വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിൽ കുടുങ്ങിക്കിടന്നിട്ടും പ്രശ്‌നങ്ങളില്ലെന്ന ദേശീയപാത അതോറിറ്റിയുടെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു കളക്ടറുടെ റിപ്പോർട്ട്. നേരിട്ട് പരിശോധന നടത്തി ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കിയാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.
അടിപ്പാത നിർമാണം ഇഴയുന്നു
മഴ കുറഞ്ഞിട്ടും അടിപ്പാതകളുടെ നിർമാണം ഇഴയുകയാണ്. പല അടിപ്പാതകളുടെയും നിർമാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. സൈഡ് പണിത് മണ്ണടിച്ച് കയറ്റി ടാറിടാൻ കരാർ കമ്പനിക്ക് അധികം സമയം ആവശ്യമില്ല. അതിനുള്ള യന്ത്രസാമഗ്രികൾ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് എൻജിനിയർമാർ തന്നെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |