ഒക്ടോബർ 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തൃശൂർ: സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങൾ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ കഴിയുന്നത് അടുത്ത് കാണാനും ആസ്വദിക്കാനും കഴിയുന്ന പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്കായി തുറക്കുന്നു. ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.
336 ഏക്കറിലെ വിശാലമായ പാർക്കിൽ നിരവധി വൈവിദ്ധ്യങ്ങളാണ് കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുള്ളത്. തൃശൂർ മൃഗശാലയിൽ നിന്നും മൃഗങ്ങളെയും പക്ഷികളേയും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. കേരളത്തിനു പുറത്തു നിന്നുള്ള മൃഗശാലകളിൽ നിന്നും വെള്ളക്കടുവകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പാർക്കിൽ എത്തിക്കും. കൂടാതെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാർക്കിൽ ഒരുങ്ങുകയാണ്.
പാർക്കിന്റെ ഉദ്ഘാടനം വിവിധങ്ങളായ പരിപാടികളോടുകൂടിയാണ് ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വിപുലമായ സംഘാടക സമിതി യോഗം നാളെ വൈകീട്ട് 4.30ന് പാർക്കിൽ ചേരും.
23 ആവാസ ഇടങ്ങൾ
23 ആവാസ ഇടങ്ങളാണ് പാർക്കിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ സുളു ലാൻഡ് സോൺ, കൻഹ സോൺ, സൈലന്റ് വാലി സോൺ, ഇരവിപുരം സോൺ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകൾ ഒരുക്കിയാണ് മൃഗശാല രൂപകൽപന ചെയ്തിരിക്കുന്നത്.
ചെലവ് 370.5 കോടി
ഓസ്‌ട്രേലിയൻ സു ഡിസൈനറായ ജോൺ കോയുടെ ഡിസൈനിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. പാർക്കിന്റെ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽ നിന്നും 40 കോടിയും കിഫ്ബിയിൽ നിന്ന് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 122 കോടിയും മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |