തൃശൂർ: ആയിരങ്ങളുടെ സ്വപ്‌നങ്ങൾക്ക് സാഫല്യമാകാൻ, വന്ധ്യതാ ചികിത്സരംഗത്ത് കുറഞ്ഞ നിരക്കിൽ വിദഗ്ദ്ധസേവനം നൽകാനൊരുങ്ങി തൃശൂർ ഗവ. മെഡിക്കൽ കോളേജ്. രണ്ട് മാസം മുമ്പ് പ്രവർത്തനമാരംഭിച്ച മെഡിക്കൽ കോളേജിലെ വന്ധ്യതാ ക്ലിനിക്കാണ് ഏറെനാളായി കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ആശ്വാസമാകാനൊരുങ്ങുന്നത്. ഐ.വി.എഫ് ചികിത്സയ്ക്കും മറ്റും സ്വകാര്യ ആശുപത്രികൾ ഒരു ലക്ഷം മുതൽ രണ്ട്- രണ്ടര ലക്ഷം വരെ വാങ്ങുമ്പോൾ മെഡിക്കൽ കോളേജിൽ 60,000 രൂപയാണ് നിരക്ക്. 2014 മുതൽ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ഉണ്ടായിരുന്ന ഏക പോരായ്മ ഐവി.എഫ് സംവിധാനം ഇല്ല എന്നതായിരുന്നു. എന്നാൽ, ഈ വർഷം ജൂലായിൽ ഐ.വി.എഫ് സൗകര്യമെത്തി.
കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെയാണ് തൃശൂരിലും ഈ സൗകര്യം ലഭ്യമായത്. വന്ധ്യതാ നിർണയം, ബീജ പരിശോധന, ഐ.യു.ഐ, ഐ.വി.എഫ്, ഐ.സി.എസ്.ഐ തുടങ്ങിയ അത്യാധുനിക ചികിത്സാസൗകര്യം ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ, താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി ഒരു പ്രത്യേക ഓപ്പറേഷൻ തിയേറ്റർ സംവിധാനം സജ്ജമാക്കുന്നതും പരിഗണനയിലാണ്. പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിനകം കേരളത്തിനകത്തും പുറത്തും നിന്നുമായി തൊണ്ണൂറോളം ദമ്പതിമാർ ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ട്.
കുറഞ്ഞ നിരക്ക് ആകർഷണം
രജിസ്‌ട്രേഷൻ ഫീസ് 200 രൂപ
ഫോളിക്കുലാർ സ്റ്റഡി 400
തുടർന്നുള്ള ഫോളിക്കുലാർ സ്റ്റഡി 50
ഐ.യു.ഐ ചികിത്സ 1000
ഡോണർ ഉപയോഗിച്ചുള്ള ഐ.യു.ഐ ചികിത്സ 1500
ഡയഗ്‌നോസ്റ്റിക് ലാപ്രോസ്‌കോപ്പി 5000
ഓപ്പറേറ്റീവ് ലാപ്രോസ്‌കോപ്പി 5000
ലാപ്രോട്ടമി 5000
ഐ.വി.എഫ് ചികിത്സ 60,000
ക്‌ളിനിക്കിലെ 'ദൗത്യസംഘം'
മൂന്ന് ഡോക്ടർമാർ
സ്റ്റാഫ് നഴ്‌സ്
ലാബ് ടെക്‌നീഷ്യൻ
മൾട്ടിപർപ്പസ് വർക്കർ
കൗണ്ടർ സ്റ്റാഫ്
തിങ്കൾ മുതൽ ശനി വരെയാണ് ഒ.പി സേവനം. കൗൺസലിംഗ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സ. പുതിയ രജിസ്‌ട്രേഷനുകൾ എല്ലാ ബുധനാഴ്ചയുമുണ്ടാകും.
എ.വി.ദീപക്, പ്രൊഫസർ,
ഗൈനക് ആൻഡ് ഒബ്‌സ്‌റ്റെട്രിക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |