തൃശൂർ: കേരളം രൂപീകൃതമായതിന്റെ 75ാം വാർഷികമായ 2031ൽ കൈവരിക്കേണ്ട വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വിഷൻ 2031'ൽ ചർച്ച ചെയ്തത് 5 വിഷയങ്ങൾ. ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ വിഷയങ്ങളിലായിരുന്നു പാനൽ ചർച്ചകൾ.
കെ.കെ.രാമചന്ദ്രൻ എം.എൽ.എ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, വയോജന കമ്മിഷണർ അഡ്വ. കെ.സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി.ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം.വി.ജയഡാളി, സാമൂഹിക നീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ ഉൾപ്പെടെ ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.
മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് ചർച്ച
കുറ്റകൃത്യത്തിന് ഇരയാകുന്നവരുടെ പുനരധിവാസം, മനുഷ്യക്കടത്തിന് വിധേയമാകുന്നവർ എന്നീ വിഷയങ്ങളിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി അനിൽ കെ.ഭാസ്‌കർ മുഖ്യ അവതരണം നടത്തി. 'പ്രൊബേഷൻ നിയമത്തിലെ വ്യക്തി സമൂഹം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രൊബേഷനും അനുബന്ധ സേവനങ്ങളും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്. സെമിനാർ ചർച്ചകളിൽ കെ.കെ.സുബൈർ കെ.എ.എസ് മോഡറേറ്ററായി.
-------------------------
'വയോജനങ്ങൾക്ക് പിന്തുണ സമൂഹം ഉറപ്പാക്കണം'
തൃശൂർ: വയോജനങ്ങൾക്ക് പിന്തുണയും സുരക്ഷയും പുനരധിവാസവും ഉറപ്പാക്കേണ്ടത് സമൂഹമാണെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും വയോജന സംഗമവും വയോജന സേവാ പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റീജ്യണൽ തീയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ.രാജൻ അദ്ധ്യക്ഷനായി.
വയോജന കമ്മിഷൻ രൂപീകരിക്കാൻ മുൻകൈയെടുത്തത് വയോജനങ്ങളോടുള്ള സർക്കാരിന്റെ കരുതലിന്റെ പ്രതീകമാണെന്ന് മന്ത്രി രാജൻ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് വിശിഷ്ടാതിഥിയായി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാക്കളായ വിപ്ലവഗായിക പി.കെ.മേദിനി, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സംസാരിച്ചു.
'ഭിന്നശേഷിക്കാർ അവകാശാധിഷ്ഠിത സമീപനത്തിലേക്ക് മാറണം'
തൃശൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമ സങ്കൽപ്പത്തിൽ നിന്ന് അവകാശാധിഷ്ഠിത സമീപനത്തിലേക്ക് മാറണമെന്ന് ഭിന്നശേഷി സൗഹൃദ കേരളം- നവ കാഴ്ചപ്പാടുകൾ സെഷൻ. റീജ്യണൽ തീയേറ്ററിൽ നടന്ന പരിപാടിയിൽ യു എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ.ജയരാജ് മോഡറേറ്ററായി. മുൻ പ്ലാനിംഗ് ബോർഡ് അംഗം ജി.വിജയരാഘവൻ മുഖ്യാവതരണം നടത്തി.
'ഭിന്നശേഷി സമൂഹത്തിന് തടസരഹിത ജീവിതം ഉറപ്പാക്കണം'
വിദ്യാഭ്യാസക്ഷേമ സ്ഥാപനങ്ങളുടെ വിപുലീകരണവും നവീകരണവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ, തടസരഹിത ജീവിതം ഭിന്നശേഷി സമൂഹത്തിന് എങ്ങനെ ഉറപ്പാക്കാമെന്ന് ചർച്ച ചെയ്തു. സംസ്ഥാന പ്ലാനിംഗ് ബോർഡ് എക്‌സ്‌പേർട്ട് ഡോ. മിനി സുകുമാർ മോഡറേറ്ററായി. ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാ. റോയ് മാത്യു വടക്കേൽ മുഖ്യ അവതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |