ചാലക്കുടി: അർബുദത്തെ തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച കോടശ്ശേരിയിലെ പതിനൊന്നുകാരൻ നവനീതിന്റെ ചികിത്സയ്ക്ക് നാട്ടുകാർ ഒന്നിക്കുന്നു. വിവിധ മേഖലകളിൽ നിന്നും പണം സ്വരൂപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോടശ്ശേരി മാരാംകോട് എറ്റിയേടത്ത് ബാബു - മിനിമോൾ ദമ്പതികളുടെ മകൻ നവനീത് (കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി) അമൃത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശസ്ത്രക്രിയയ്ക്ക് മാത്രം ആവശ്യം 40 ലക്ഷം രൂപ. നിരവധി പരിശോധനകൾക്ക് ഇതിനകം 12 ലക്ഷം രൂപ ചെലവായി. മജ്ജ കൊടുക്കുന്നതിന് സന്നദ്ധരായ സഹോദരൻ, മറ്റു ചില ബന്ധുക്കൾ എന്നിവരുടെയടക്കം പരിശോധനകൾക്ക് ലക്ഷങ്ങൾ വേണം. എല്ലാംകൂടി 70 ലക്ഷം രൂപയോളം വേണ്ടിവരും. ഭീമമായ തുക ആവശ്യമുള്ള ശസ്ത്രക്രിയക്കും മറ്റുമായി പഞ്ചായത്തംഗം പി.സി.നിഖിൽ ചെയർമാനായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
മരപ്പണിക്കാരനായ ബാബുവാണ് വീടിന്റെ ഏക ആശ്രയം. വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇയാൾ ആരോഗ്യപ്രശ്‌നവും നേരിടുന്നു. ഭാര്യ മിനിമോൾ വീട്ടമ്മയാണ്. ആറ് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടലാണ് കുടുംബത്തിന്റെ താമസം.
കാരുണ്യ സർവീസ് വിവരം വിശദീകരിക്കുന്നതിന് ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രസ് ക്ലബ് അംഗങ്ങൾ എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്തു. വാർത്താസമ്മേളനത്തിൽ നിഖിൽ ചന്ദ്രൻ, ടി.എസ്.ജയൻ, ശിവൻ ഈശ്വരത്ത്, ബിജു വല്ലത്തുകാരൻ, ചാതേലി ജോയി, ഷൈജു പട്ടത്ത്, സുജി പനങ്കൂടൻ എന്നിവർ പങ്കെടുത്തു.
ചികിത്സാസഹായം നൽകാം
കനറാ ബാങ്ക്, വെള്ളിക്കുളങ്ങര ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 110257440699, ഐ.എഫ്.എസ്.സി കോഡ്: 0005655. ഫോൺ: 8281579325.
കാരുണ്യ ഒാട്ടത്തിന് ബസുകൾ
ദൗത്യത്തിൽ സ്വകാര്യ ബസുടമകളും പങ്കാളികളാകും. ചാതേലി ഗ്രൂപ്പിന്റെ മൂന്നു ബസുകൾ നാളത്തെ എല്ലാ ട്രിപ്പുകളും നവനീതിന് വേണ്ടി മാറ്റിവയ്ക്കും. ടിക്കറ്റ് ചാർജിന് പുറമെ ബക്കറ്റ് ശേഖരണത്തിലൂടെ യാത്രക്കാരിൽ നിന്നും പിരിക്കുന്ന തുകയും ചികിത്സാ നിധിയിലേക്ക് നൽകും. രാവിലെ 10ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കാരുണ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |