
തൃശൂർ: മന്ത്രി കെ.രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ നടത്തറ പഞ്ചായത്തിലെ മൂർക്കനിക്കര സ്വദേശി തങ്കമണിയുടെയും സുബ്രഹ്മണ്യന്റെയും സന്തോഷത്തിന് അതിരില്ല. നീണ്ട 56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ച സന്തോഷത്തിൽ നിറഞ്ഞ മനസോടെ മന്ത്രി കെ.രാജനെ ആലിംഗനം ചെയ്താണ് വേദിയിൽ നിന്നിറങ്ങിയത്. 56 വർഷങ്ങൾക്ക് മുമ്പാണ് നടത്തറ പഞ്ചായത്തിലെ തൃശൂർ താലൂക്കിന് കീഴിൽ വരുന്ന കൊഴുക്കുള്ളി വില്ലേജിലെ സ്ഥലം തങ്കമണിയും സുബ്രഹ്മണ്യനും വാങ്ങുന്നത്. 20 വർഷമായി ഭൂമിക്ക് പട്ടയം ലഭിക്കാനായുള്ള പരിശ്രമത്തിലാണെങ്കിലും പാറപ്പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ടതിനാലും 3.75 സെന്റ് സ്ഥലം മകന്റെ ഉടമസ്ഥതയിൽ ഉള്ളതിനാലുമാണ് ലോട്ടറി ഏജന്റായി ഉപജീവനം നടത്തുന്ന തങ്കമണിക്കും ജീവിതപങ്കാളി സുബ്രഹ്മണ്യനും പട്ടയം ലഭിക്കാതിരുന്നത്. 50 വർഷത്തോളമായി പാറപ്പുറമ്പോക്കിൽ ഉൾപ്പെട്ട പ്രദേശത്ത് 18 കുടുംബങ്ങൾ താമസിച്ചുവന്നിരുന്നു. ഭൂമി പാറപ്പുറമ്പോക്ക് ആയതിനാൽ കളക്ടർ മുഖേന പട്ടയം അനുവദിക്കാനുള്ള പ്രൊപ്പോസൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ജൂലായിൽ പട്ടയം പതിച്ച് നൽകുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. തുടർന്നാണ് സംസ്ഥാന പട്ടയമേളയിലൂടെ തങ്കമണിക്കും കുടുംബത്തിനും പട്ടയം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |