തൃശൂർ: പടിയിറങ്ങുന്നതിനിടെ വീണ്ടും സി.പി.എമ്മിനെ കുറ്റപ്പെടുത്തി തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. കൗൺസിൽ ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ഓഫീസിൽ നിന്നും വിട പറയുന്ന ചടങ്ങിനിടെയായായിരുന്നു കുറ്റപ്പെടുത്തൽ. എം.ജി റോഡ് വികസനത്തിന് പാർട്ടി ഒരു പരിധിവരെ സഹായിച്ചപ്പോൾ ഒരു പരിധി വരെ സഹായിച്ചില്ലെന്നും മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെന്നും മേയർ പറഞ്ഞു. 'എം.ജി. റോഡ് നടപ്പാക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി ആത്മാർത്ഥമായി പരിശ്രമിച്ചയാളാണ് ഞാൻ. കുറേപ്പേർ സഹായിച്ചിട്ടുണ്ട്. ജനപ്രതിനിധികളൊക്കെ കൂടെ നിന്നു. പക്ഷെ മുന്നോട്ടുപോകുമ്പോൾ എന്തുകൊണ്ടോ പിൻവലിയൽ ഉണ്ടായി' എം.കെ. വർഗീസ് വിശദീകരിച്ചു.
സുനാമി വന്നാൽ എല്ലാം ഒലിച്ചുപോകും
വികസനം വിലയിരുത്തിയല്ല കോർപറേഷനിലെ ഭരണം നഷ്ടമായതെന്ന് എം.കെ. വർഗീസ്. കോർപറേഷന്റെ വികസനം കാണുന്നതിന് പകരം സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തിയാണ് പലരും തിരഞ്ഞെടുപ്പ് നേരിട്ടത്. ശബരിമലപ്രശ്‌നം ജനം ചിന്തിച്ചിട്ടുണ്ടാകാം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കാര്യമായി പ്രതിഫലിച്ചില്ല. ചില സുനാമികൾ വന്നാൽ എല്ലാം നശിക്കും. ഇതൊരു പുതിയ അനുഭവമല്ല. ജനങ്ങൾ പ്രബുദ്ധരാണെന്ന് തെളിയിക്കുകയാണ്. ഇടതുപക്ഷമായതുകൊണ്ടല്ല, യു.ഡി.എഫിന് നാളെ ഈ ഗതി വന്നാലും ഇങ്ങനെ പറയുമെന്നും എം.കെ. വർഗീസ് വിശദീകരിച്ചു.
ഇപ്പോൾ വിട, ഭാവി പിന്നീട്
പൊതുരംഗത്ത് സ്വതന്ത്രനായി തുടരുമോയെന്ന ചോദ്യത്തിന് ഇപ്പോൾ വിട പറയാനാണ് വന്നതെന്നും ഭാവികാര്യം പിന്നീട് പറയുമെന്നും എം.കെ. വർഗീസ് പറഞ്ഞു. മേയറുടെ സേവനം പൂർത്തിയാക്കി പടിയിറങ്ങുകയാണ്. വരുന്ന ഭരണസമിതിക്കും മേയർക്കും മറ്റും കൗൺസിൽ ഹാളും ചേംബറുമെല്ലാം പുനർനിർമ്മിക്കണമെങ്കിൽ അതിനായാണ് 20 വരെ കാത്തിരിക്കാതെ പടിയിറങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ജീവനക്കാർക്കുള്ള പ്രശംസാപത്രം സെക്രട്ടറി വി.പി. ഷിബുവിനും ഇലക്ട്രിസിറ്റി വിഭാഗത്തിനുള്ള പ്രശംസാപത്രം അസി. സെക്രട്ടറി എൻ.കെ. കൃഷ്ണകുമാറിനും മേയർ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |