തൃശൂർ : മൂന്നരയേക്കർ കൃഷിയിടം നിറയെ നെൽക്കൃഷി ; അതും 560ൽ ഏറെ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള നെല്ലിനങ്ങൾ. 160 ഇനങ്ങൾ കേരളത്തിലേത്. ബാക്കി ഇനങ്ങൾ മഹാരാഷ്ട്ര, ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ രാജ്യത്ത് തന്നെയുള്ള വിത്തിനങ്ങൾ. തായ്‌ലാൻഡിലുള്ള മൂന്നിനങ്ങൾ വേറെ. പെരിങ്ങോട്ടുകര ആവണങ്ങാട് കളരി സർവതോഭദ്രം ഓർഗാനിക് സൊസൈറ്റിയുടെ ജൈവക്കൃഷിയിടത്തിലെ ഈ വൈവിദ്ധ്യം വിസ്മയിപ്പിക്കുന്നതാണ്. അവയെല്ലാം കൃത്യമായ പരിപാലത്തിലൂടെ വിളവെടുക്കാറായ അവസ്ഥയിലും. ഓരോന്നിന്റെയും വിളവെടുപ്പ് സമയം വ്യത്യസ്തമായതിനാൽ ഒന്നര മാസമെങ്കിലും നീണ്ടുനിൽക്കും കൊയ്ത്ത്.
കഴിഞ്ഞ തവണ 124 ഇനങ്ങളാണ് പരീക്ഷിച്ചത്. ഇത്തവണ അത് 560 ആയി. ഓരോ ഇനങ്ങളും വിത്തിറക്കിയത് നാലു ചതുരശ്ര മീറ്റർ എന്ന ക്രമത്തിലാണ്. അഡ്വ.എ.യു.രഘുരാമ പണിക്കർ, അഡ്വ.ഋഷികേശ് പണിക്കർ, അഡ്വ.എ.വി.രാഹുൽ എന്നിവരുടെ മേൽനോട്ടത്തിലാണ് വിത്തിറക്കി കൊയ്യുന്നത്.
സുഗന്ധ - ഔഷധ നെല്ലിനങ്ങളും മട്ട അരികളും കറുപ്പ് അരികളും ഇക്കൂട്ടത്തിലുണ്ട്. നിറത്തിലും രൂപത്തിലും ഉയരത്തിലും വ്യത്യസ്തങ്ങളായ ഇനങ്ങൾ കാണാൻ നിരവധി ആളുകളുമെത്തുന്നു. ഈ വർഷത്തെ കൊയ്ത്തുത്സവം ഇട്ടിക്കണ്ടപ്പൻ എന്ന നാടൻ നെല്ല് വിളവെടുത്ത് നാഷണൽ ബ്യൂറോ ഒഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സ് (എൻ.ബി.പി.ജി.ആർ) ഡയറക്ടർ ഡോ.ഗ്യാനേന്ദ്ര പ്രതാപ് സിംഗ് നിർവഹിച്ചു. ശാസ്ത്രജ്ഞരായ ഡോ.കവിത ഗുപ്ത, ഡോ.സുശീൽ പാണ്ഡെ, ഡോ.കുൽദീപ് തൃപാതി എന്നിവരും പങ്കെടുത്തു.
വൈവിദ്ധ്യം ഇങ്ങനെ
ചെന്നെല്ല്, ജീരകശാല, ചീര, കുളപ്പാണ്ടി, തവളക്കണ്ണൻ, കുറുവ, ചിറ്റേനി, ഓർപ്പാണ്ടി, ചെറാടി (കേരളത്തിലെ നെല്ലിനങ്ങൾ). കർണാടകത്തിലെ നസർ ബത്ത
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സണ്ണ
ബംഗാളിലെ ഒരു നെല്ലിൽ രണ്ട് അരിയുള്ള ജുഗൽ
ബീഹാറിലെ കാലാ നമക്ക്
കിഴക്കൻ ഇന്ത്യയിലെ ജീരാഫൂൽ
തേടിയെത്തി അംഗീകാരം
മണ്ണ് സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുള്ള വിവിധ നടപടികൾ തുടങ്ങിയവ പരിഗണിച്ച് സോളിഡാരിഡാഡ് ഏഷ്യയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോയിൽ സയൻസും സംയുക്തമായി 'റീജനറേറ്റീവ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡ് നൽകി
രാജ്യത്തിൽ ജനിതക വൈവിദ്ധ്യ സംരക്ഷണത്തിന്റെ ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനം വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്.
അഡ്വ.എ.യു.ഋഷികേശ് പണിക്കർ
സർവതോ ഭദ്രം ഓർഗാനിക്‌സ്
സൊസൈറ്റി പ്രസിഡന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |