തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിൽ ജീവനക്കാരെ കുറയ്ക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനത്തിന് കത്രികപ്പൂട്ട്.
വകുപ്പിലെ 229 ജീവനക്കാരെ വെട്ടിച്ചുരുക്കി 103 ആക്കാനായിരുന്നു ഉത്തരവ്. ജീവനക്കാർ സമരരംഗത്ത് ഇറങ്ങിയതിനെ തുടർന്ന് കോർപറേഷൻ ഭരണസമിതി ഇടപെട്ട് തീരുമാനം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്തിമ തീരുമാനമായിരുന്നില്ല. കഴിഞ്ഞദിവസം ചേർന്ന പ്രത്യേകസമിതിയാണ് ജീവനക്കാർ ഉന്നയിച്ച വാദം അംഗീകരിച്ച് പുതിയ സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് ധനവകുപ്പിന് കൈമാറിയത്. ഒരു മാസത്തിനകം അംഗീകാരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബിഹാർ തിരഞ്ഞെടുപ്പിന്റെ ചുമതലകളുള്ളതിനാൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പുതിയ സ്റ്റാഫ് പാറ്റേൺ ധനവകുപ്പ് അംഗീകരിച്ചാലേ ജീവക്കാരുടെ ശമ്പളപരിഷ്‌കരണം ഉൾപ്പെടെ സാദ്ധ്യമാകൂ. 2018 മുതൽ കോർപറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പായിട്ടില്ല.
വെട്ടിക്കുറച്ചത് അടിസ്ഥാന തൊഴിലാളികളെ
സർക്കാരിന്റെ പഴയ വിജ്ഞാപനപ്രകാരം അടിസ്ഥാന തൊഴിലാളികളെയാണ് കൂടുതലും വെട്ടിക്കുറച്ചത്. ഇലക്ട്രിക്കൽ വർക്കർ തസ്തികയിൽ 50 പേരുണ്ടായിരുന്നത് 18 പേർ മതിയെന്നാണ് ഉത്തരവ്. 51 ലൈൻമാന്മാരുള്ളത് അഞ്ചാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന വകുപ്പിലാണ് തലതിരിഞ്ഞ പരിഷ്‌കാരം. 12.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിനുള്ളിൽ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് 40,000 ലേറെ ഉപഭോക്താക്കളാണുള്ളത്.
ശമ്പളപരിഷ്‌കരണം നീളുന്നു
വൈദ്യുതി വിഭാഗം ജീവനക്കാർക്ക് കെ.എസ്.ഇ.ബിക്ക് തത്തുല്യമായ സേവന വ്യവസ്ഥകൾ നൽകണമെന്നാണ് 1968, 70 കാലം മുതലുള്ള വ്യവസ്ഥ. സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച ശേഷം ശമ്പളപരിഷ്‌കരണം നടപ്പാക്കാമെന്നായിരുന്നു ഉറപ്പ്. എന്നാൽ സ്റ്റാഫ് പാറ്റേൺ നിശ്ചയിക്കുന്നത് വൈകുന്നതോടെ ശമ്പളപരിഷ്‌കരണ തീരുമാനവും വൈകും. 91 മുതലുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരം ഇപ്പോഴുള്ള 229 ജീവനക്കാരിൽ 110 പേർ സ്ഥിരവും ബാക്കി താത്കാലികക്കാരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |