തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിച്ച്, പുതുസംരംഭകർക്ക് പുതുവഴി തുറന്ന് ജില്ലാ വ്യവസായ കേന്ദ്രം. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലൂടെ കുടുംബഭദ്രത ഉറപ്പാക്കുകയാണ് ലക്ഷ്യം. കൊവിഡ് കാലത്ത് നിലച്ചുപോയ പദ്ധതികളെ പുനരുദ്ധരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾക്കും രൂപം നൽകി.
കൊവിഡ് രൂക്ഷമായിട്ടും 2020-21 സാമ്പത്തിക വർഷത്തിൽ രണ്ടായിരത്തോളം സംരംഭക യൂണിറ്റുകളാണ് ജില്ലയിൽ ആരംഭിച്ചത്. 145 കോടിയോളം രൂപയാണ് മൂലധന നിക്ഷേപം. യുവാക്കൾ, വനിതകൾ, എസ്.സി, എസ്.ടി തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർക്കുള്ള വിവിധ സംരംഭകർക്കും ജില്ലാ വ്യവസായ കേന്ദ്രം വഴി തുടക്കം കുറിക്കാം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വ്യവസായ സംരംഭമുള്ള ജില്ലയാണ് തൃശൂർ. വിവിധ വിഭാഗങ്ങളിൽ 1800 സംരംഭക യൂണിറ്റുകളാണുള്ളത്. 1650 യൂണിറ്റുകളുള്ള എറണാകുളമാണ് രണ്ടാമത്. ജില്ലയിലെ ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
സംരംഭക സഹായ പദ്ധതി
വ്യവസായ സംരംഭങ്ങൾക്ക് സബ് സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണിത്. വ്യവസായം തുടങ്ങാൻ അഗ്രഹിക്കുന്നവർക്കും നടത്തിക്കൊണ്ടിരിക്കുന്നവർക്കും പ്രയോജനം ലഭിക്കും. ജനറൽ വിഭാഗത്തിന് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനവും പരമാവധി 20 ലക്ഷം രൂപയും ആനുകൂല്യം ലഭിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 20 ശതമാനം ലഭിക്കും.
പുനരുദ്ധാരണ പദ്ധതി
കൊവിഡ് മഹാമാരിക്കിടയിൽ ആറ് മാസത്തിലധികമായി പ്രവർത്തനരഹിതമായ സംരംഭങ്ങൾക്ക് പുനരുദ്ധാരണ സാദ്ധ്യതയുള്ള പദ്ധതി പ്രകാരം പരമാവധി പതിനഞ്ച് ലക്ഷം രൂപ വരെ നൽകും.
മാർജിൻ മണി ഗ്രാന്റ്
സംസ്ഥാനത്ത് കൂടുതൽ സംരംഭകർ നാനോ സംരംഭം ആരംഭിക്കാനായി വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വായ്പാ ബന്ധിത സബ്സിഡി പദ്ധതിയാണ്. പദ്ധതി ചെലവിന്റെ 30 ശതമാനം സർക്കാർ മാർജിൻ മണി ഗ്രാന്റ് നൽകും. നാൽപത് ശതമാനം ബാങ്ക് വായ്പയായിരിക്കണം.
പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി
തൊഴിലും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് . 95 ശതമാനം വരെ ബാങ്ക് വായ്പ ലഭിക്കുന്ന ഈ പദ്ധതിയിൽ വ്യക്തികൾക്ക് പുറമേ സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ , സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.
കൂടുതൽ വ്യവസായ സംരംഭമുള്ള ജില്ല
സംസ്ഥാനത്ത് ഒന്നാമത്
സംരംഭക യൂണിറ്റുകളുടെ എണ്ണം1855
രണ്ടാമത് എറണാകുളം
യൂണിറ്റുകൾ 1650
2021ൽ
മൂലധന നിക്ഷേപം 144.91 കോടി
തൊഴിൽ ലഭിച്ചത് 6118 പേർക്ക്
വ്യവസായ കൈത്തറി പ്രദർശനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെറുകിട സൂക്ഷ്മ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനായി 13 മുതൽ 16 വരെ തേക്കിൻകാട് മൈതാനിയിൽ വ്യവസായ കൈത്തറി പ്രദർശനം സംഘടിപ്പിക്കുമെന്ന് വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്. കൃപകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 13 ന് രാവിലെ 11 ന് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 48 സ്റ്റാളുകൾ പ്രദർശനത്തിൽ ഉണ്ടാകും. നോബി ജോസഫ്, പി.ബി.സുരേഷ് ബാബു, ആർ.സ്മിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |