തൃശൂർ: വിയ്യൂർ ജില്ലാ ജയിലിലെ 15 തടവുകാർക്ക് പുറത്തിറങ്ങിയാൽ മറ്റ് തൊഴിൽ തേടേണ്ട. ജയിലിൽ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതാണ് ഇവർക്ക് തുണയായത്. 80 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയവർക്ക് ഇന്നലെ ജയിലിൽ നടന്ന ചടങ്ങിൽ തൃശൂർ മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ എൽ.മിനിമോൾ സർട്ടിഫിക്കറ്റ് നൽകി. പരിശീലനത്തിന്റെ ഭാഗമായി പഠിതാക്കൾ പ്രസംഗപീഠം, ഷെൽഫുകൾ, റാക്കുകൾ, ടെലിഫോൺ സ്റ്റാൻഡ്, അലമാര എന്നിവയുണ്ടാക്കി. ജയിലിലെ എല്ലാ ശുചിമുറികളുടെയും വാതിലുകൾ പുന:സ്ഥാപിച്ചു. ഭൂരിഭാഗവും മികച്ച നിലവാരം പുലർത്തിയെന്നും പുറത്തിറങ്ങി ബന്ധപ്പെട്ടാൽ തൊഴിൽ നൽകാമെന്നും പരിശീലകൻ ടി.കെ ഹരിദാസ് പറഞ്ഞത് തടവുകാർക്ക് പ്രതീക്ഷയായി. ജയിൽ വേതനത്തിൽ നിന്നും തുകയെടുത്ത് പരിശീലകന് ഗുരുദക്ഷിണയായി നൽകി. ഒന്നര ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. മദ്ധ്യമേഖല ജയിൽ ഡി.ഐ.ജി. പി.അജയകുമാർ അദ്ധ്യക്ഷനായി. ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ, കോഴ്‌സ് കോ ഓർഡിനേറ്റർ ടി.ആർ.ബിജു, എ.പി.ഒ സുനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |