തൃശൂർ: മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നു. പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക.
കന്നുകാലികളെ വളർത്തുന്നവർ/ മൃഗ ഉടമകൾ എന്നിവരിൽ നിന്ന് കോൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കൈമാറും. ഒരു വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഒരു ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിലുണ്ടാകും. ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം ലഭ്യമാവുക. യൂണിറ്റിൽ രോഗനിർണ്ണയ ചികിത്സ, വാക്‌സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയകൾ, ദൃശ്യശ്രവ്യ സഹായം, മൃഗങ്ങളെ ചികിത്സിക്കാനുള്ള മറ്റ് ആവശ്യ ഉപകരണങ്ങളുമുണ്ടാവും.
വെളിച്ചമില്ലാത്ത സന്ദർഭങ്ങളിൽ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ അടക്കം യൂണിറ്റിൽ സജ്ജമാക്കുന്നുണ്ട്. ഘട്ടം ഘട്ടമായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പദ്ധതി വിപുലമാക്കാനാണ് ശ്രമം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
ഫീസ് നിരക്ക് ഇങ്ങനെ
ഒരു കർഷക ഭവനത്തിലെ കന്നുകാലികൾക്കും കോഴികൾക്കും ചികിത്സയ്ക്ക് 450 രൂപ.
കന്നുകാലികളുടെ കൃത്രിമ ബീജസങ്കലനത്തിന് അധികമായി നൽകേണ്ടത് 50 രൂപ
ഓമനമൃഗങ്ങൾക്ക് 950 രൂപ
ഒരേ ഭവനത്തിലെ കന്നുകാലി, വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് 950 രൂപ
ഈ മാസം എട്ടിനാണ് ജില്ലാതല ഉദ്ഘാടനം തീരുമാനിച്ചത്. എല്ലാ ജീവനക്കാരെയും നിയമിച്ചുകഴിഞ്ഞു. കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നാണ് ഇത് കണക്ട് ചെയ്തുകൊടുക്കുക. ഉദ്ഘാടനം കഴിഞ്ഞാൽ ഉടനെ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങും. രണ്ട് ആംബുലൻസുകളിൽ അടിയന്തരമായി നൽകേണ്ട മരുന്നുകളുണ്ടാകും. മറ്റ് ബ്‌ളോക്കുകളിലും ക്രമേണ മൊബൈൽ യൂണിറ്റ് വരും.
ഡോ.സുരജ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |