തൃശൂർ: പൂരത്തിന്റെ കുടമാറ്റത്തിലെ കുടകളുടെ എണ്ണം കുറച്ച് കൂടുതൽ വർണ്ണാഭമാക്കാനും സമയദൈർഘ്യം കുറയ്ക്കാനും ഇരുദേവസ്വങ്ങളുടെയും തീരുമാനം മാറ്റില്ല. പൂരം നടക്കുന്നത് ഞായറാഴ്ചയാണ്. പിറ്റേദിവസം മേയ് ദിനമായതിനാൽ പൊതുഅവധിയുമാണ്. സ്വാഭാവികമായും ജനക്കൂട്ടം കൂടും. അതുകൊണ്ട് കുടമാറ്റത്തിലെ കുടകളുടെ എണ്ണം കുറയ്ക്കാനുളള തീരുമാനം പ്രസക്തമാണെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തോട് പൂരപ്രേമികൾക്കും എതിർപ്പില്ല.
35 സെറ്റ് സാധാരണ കുടകളും അഞ്ച് സെറ്റ് സ്‌പെഷ്യൽക്കുടകളും ഉണ്ടായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. ഏഴിനുള്ളിൽ തന്നെ കുടമാറ്റം തീർക്കണമെന്നാണ് ആഗ്രഹം. ഇത് ആനകൾക്കും ആശ്വാസമാകും. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സമയം കുറയുന്നത് പൊലീസിനും സഹായകരമാകും. തീരുമാനം കർശനമായി നടപ്പാക്കാനാണ് ദേവസ്വങ്ങളുടെ നീക്കം. സമയനിഷ്ഠ പാലിക്കുന്നതോടൊപ്പം നടത്തിപ്പുകാരുടെ അദ്ധ്വാനം കുറയ്ക്കാനും കുടമാറ്റം കൂടുതൽ ആസ്വാദ്യകരമാക്കാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ഭാരവാഹികളുടെ നിലപാട്.
എഴുപത് സെറ്റ് കുടകൾവരെ ഉയർത്തിയ വർഷമുണ്ടായിരുന്നു. എട്ട് മണി കഴിഞ്ഞാലും കുടമാറ്റം പൂർത്തിയാകാറില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് 15 സെറ്റ് മുതൽ 18 സെറ്റ് വരെ കുടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പേരും പെരുമയും കൂടുന്നതിനനുസരിച്ച് കുടകളും കൂടി.
മറ്റ് ഗുണങ്ങൾ
കുടകളുടെ എണ്ണം കൂടുമ്പോൾ ഉയർത്തുന്നതിന്റെ ഭംഗിയും താളവും ഇല്ലാതാകും.
15 കുടകളും ഒരേ സമയത്ത് ആനപ്പുറത്ത് നിവർത്തേണ്ടതിനാൽ കുടകൾ മാറിപ്പോകാതിരിക്കാൻ സഹായകരമാകും.
കുട കയറ്റുന്നതോടൊപ്പം ഇറക്കുന്നതിലുമുള്ള നേരിയപിഴവ് കുടമാറ്റച്ചന്തത്തെ കുറയ്ക്കുന്ന സാഹചര്യമുണ്ടാവില്ല.
കുടകയറ്റാനും ഇറക്കാനുമായി ഉണ്ടാകാറുള്ള നൂറിലേറെപ്പേരെ കുറയ്ക്കാം
വെടിക്കെട്ട് : ദൂരം 60 മീറ്ററാക്കാൻ നീക്കം
വെടിക്കെട്ട് കാണാൻ കാണികളെ അകറ്റി നിറുത്തുന്നത് സംബന്ധിച്ച് എല്ലാവർഷവും പൊലീസുമായി തർക്കമുണ്ടാകാറുണ്ട്. അതുകൊണ്ട് കാണികൾക്കുള്ള 100 മീറ്റർ ദൂരം എന്ന നിബന്ധന അറുപത് മീറ്ററാക്കി കുറയ്ക്കാനാണ് ശ്രമം. കേന്ദ്രമന്ത്രിക്ക് ഇതിനായി സംയുക്തനിവേദനം നൽകി. കടുപ്പമേറിയ ഡൈന പോലുള്ളവ ഒഴിവാക്കി ഏറെ സുരക്ഷിതമായാണ് വെടിക്കെട്ട് നടത്തുന്നതെന്നും സ്വരാജ് റൗണ്ടിലെ നിശ്ചിതസ്ഥലങ്ങളിൽ ജനങ്ങളെ നിറുത്തുന്നതിൽ അപകടമില്ലെന്നുമാണ് ദേവസ്വങ്ങളുടെ നിലപാട്.
മുൻകാലങ്ങളിൽ റൗണ്ടിൽ പകുതിയോളം ഭാഗത്ത് ജനങ്ങളുണ്ടായിരുന്നു. വെടിക്കെട്ടിന് വൻ സാമ്പത്തിക ചെലവുണ്ട്. അത് ജനങ്ങൾക്ക് ആസ്വദിക്കാനാകണമെന്നാണ് ദേവസ്വങ്ങളുടെ അഭിപ്രായം. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്ത് മാത്രം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ഇടപെട്ട് നിയമഭേദഗതി കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു. ഏപ്രിൽ 30ന് നടക്കുന്ന പൂരത്തിന്റെ ഒരുക്കങ്ങളിലാണ് ദേവസ്വങ്ങൾ.
കുടമാറ്റം സംബന്ധിച്ച തീരുമാനം കർശനമായി നടപ്പാക്കും. വെടിക്കെട്ട് കാണാൻ സമീപത്തെ കെട്ടിടങ്ങളിൽ പ്രവേശനം നൽകുന്ന കാര്യം സർക്കാരുകൾ പരിഗണിക്കേണ്ടതുണ്ട്. വെടിക്കെട്ട് കാണാൻ സൗകര്യമില്ലെങ്കിൽ ജനങ്ങൾ പിന്നീട് കുറയുന്ന സാഹചര്യമുണ്ടാകും.
ഡോ.ടി.എ.സുന്ദർമേനോൻ
പ്രസിഡന്റ്
തിരുവമ്പാടി ദേവസ്വം
പൂരദിവസവും പിറ്റേന്നും അവധി ദിനങ്ങളായതിനാൽ ജനക്കൂട്ടം കൂടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തീരുമാനം ഗുണകരമാകും. ഡൈനയും മറ്റുമില്ലാതെ കുഴിമിന്നലും ഗുണ്ടും മാത്രമാണ് വെടിക്കെട്ടിനുള്ളത്. പഴയപോലെ അപകടകരമല്ല. അതിനാൽ ദൂരപരിധിയുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ വേണം.
ജി.രാജേഷ്
സെക്രട്ടറി
പാറമേക്കാവ് ദേവസ്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |